കോണ്‍ഗ്രസ്തീരുമാനം ശ്ലാഘനീയം; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കാമെന്ന എസ്ഡിപിഐയുടെ വാഗ്ദാനം മര്യാദപൂര്‍വം നിരസിച്ച യുഡിഎഫിന്റെ നിലപാട് ശ്ലാഘനീയമാണ്. ഇന്ത്യയില്‍ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും മണ്ണൊരുക്കി വിത്തുപാകിയ കോണ്‍ഗ്രസ് ഭൂരിപക്ഷ വര്‍ഗീയതയെ മാത്രമല്ല ന്യൂനപക്ഷ വര്‍ഗീയതയെയും ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ്. വോട്ടിനു വേണ്ടി എന്ത് അവസരവാദവും നിലപാട് മാറ്റവും കോണ്‍ഗ്രസിന് സാധ്യമല്ല. ഭൂരിപക്ഷ വര്‍ഗീയത സര്‍വവിധ സംഹാര ശേഷിയോടെ പത്തി വിടര്‍ത്തിയാടുമ്പോള്‍ അതിനെ തകര്‍ക്കുന്നതിന് പകരം അടുക്കള വഴക്കുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടുന്നത് വര്‍ഗീയതയെ സഹായിക്കുന്നതിന് തുല്യമാണ്.മുസ്ലിം ലീഗ് ഉള്ളിടത്തോളം മുസ്ലിം സമൂഹത്തിന്റെ ഇടയിലേക്കു കടന്നുകയറ്റം നടത്തുന്നതിന് സാധ്യമായില്ല. ഏതോ ഒരു തെരഞ്ഞെടുപ്പില്‍ ലീഗ് സീറ്റില്‍ സിപിഎം ജയിച്ചപ്പോള്‍ മലപ്പുറം ചുവന്നെന്ന അട്ടഹാസം മുഴക്കിയവര്‍ക്ക് പിറ്റേ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഹരിതഭംഗിയോടെ മുസ്ലിം ലീഗും യുഡിഎഫും തിരിച്ചുവരുന്നതാണ് കാണാന്‍ സാധിച്ചത്. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദി സംഘടനകളെന്ന് ഇപ്പോള്‍ പറയുന്ന സിപിഎം അവരുമായി പരസ്യമായും രഹസ്യമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിട്ടുണ്ട്.
1977-ലെ അടിയന്തരാവസ്ഥക്കാലത്താണ് ജമാഅത്തൈ ഇസ്ലാമി ആദ്യമായി വോട്ട് ചെയ്തത്. ഒന്നിച്ചു ജയിലില്‍ കിടന്ന ആര്‍എസ്എസിനും ജനതാപാര്‍ട്ടിക്കും സിപിഎമ്മിനും അവര്‍ വോട്ട് ചെയ്തു. പിന്നീട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇഎംഎസ് പ്രഖ്യാപിച്ചത് ആരുടെ വോട്ടും സ്വീകരിക്കുമെന്നും വോട്ടിന് അയിത്തമില്ലായെന്നുമായിരുന്നു. ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പില്‍ പിഡിപിയുമായി വേദി പങ്കിടുകയും ഗുരുവായൂര്‍, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളില്‍ പിഡിപിയെ രംഗത്തിറക്കി യുഡിഎഫ് സ്ഥാനാര്‍ഥി മുഖ്യമന്ത്രി എ കെ ആന്റണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതും സിപിഎം മറന്നു പോയോ. ലീഗിനെ തളര്‍ത്താന്‍ അഖിലേന്ത്യാ ലീഗും ഐഎന്‍എല്ലും രൂപീകരിച്ചു. സുലൈമാന്‍ സേട്ടുവിനെ രണ്ടു ദശാബ്ദക്കാലം മുന്നണി കക്ഷി പോലും ആക്കാതെ വെയിലത്ത് നിര്‍ത്തിയതും ആരും മറന്നിട്ടില്ല. ഇപ്പോള്‍ ലീഗിന് ലോക്‌സഭാ സീറ്റ് കുറഞ്ഞു പോയെന്നും പറഞ്ഞു വിലപിക്കുന്ന ദുഃഖം ലീഗുകാര്‍ക്കായിരുന്നില്ല; സിപിഎമ്മിനായിരുന്നു.
എല്‍ഡിഎഫിലെ ഘടകകക്ഷികളായ എന്‍സിപിയില്‍ നിന്നും ജനതാദള്‍ എസില്‍ നിന്നും ആര്‍എസ്പിയില്‍ നിന്നും ലോക്‌സഭാ സീറ്റ് പിടിച്ചെടുത്ത ആദിപാപം തീരാത്ത സിപിഎം ഇപ്പോള്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പതാക സംരക്ഷകരായി ചമയുകയാണ്. ആനയെയും അണ്ണാരക്കണ്ണനെയും തിരിച്ചറിയാത്ത വിവരദോഷികളായ ഇ പി ജയരാജനെപ്പോലെയുള്ളവരെ ത്വാതികാചാര്യന്‍മാരാക്കിയ പാര്‍ട്ടിയുടെ അവസ്ഥയാണിത്.തന്റെ വീട്ടില്‍ തന്തയാരെന്നറിയാത്ത മൂന്ന് കുഞ്ഞുങ്ങള്‍ ആര്‍ത്തു കരയുമ്പോള്‍ അയലത്തെപ്പെണ്ണിന്റെ കുളിതെറ്റിയത് നോക്കി നടക്കുന്ന ദുഷ്ടയായ തള്ളയെപ്പോലെയാണ് സിപിഎം. ഇത്തവണ മത്സരിക്കുന്നത് ഫാസിസത്തെ പ്രതിരോധിക്കാനോ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനോ വേണ്ടിയല്ല. ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടാതിരിക്കാനും മരപ്പട്ടിക്കും ഈനാംപേച്ചിക്കും വോട്ട് ചെയ്യാതിരിക്കാനുമാണ്.പരമമായ ഈ സത്യം എ കെ ബാലന്റെ വായില്‍ നിന്ന് അറിയാതെ വീണുപോയതാണ്.
രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പതാകയില്ലാത്തതാണ് സിപിഎമ്മിന്റെ ദുഃഖം. ലോകമെങ്ങും ചെങ്കൊടി താഴുകയും കറുപ്പും മഞ്ഞയും പച്ചയും നീലയും നിറമുള്ള കൊടികളുയരുകയുമാണ്. വയനാട്ടില്‍ മൂവര്‍ണ്ണക്കൊടിയും പച്ചപതാകയും ഇല്ലാത്തതിലുള്ള മുതലക്കണ്ണീര്‍ ആര്‍ക്കാണ് തിരിച്ചറിയാനാവാത്തത്. നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന അതീവ പ്രധാന്യമുള്ള ഒരു തെരഞ്ഞടുപ്പില്‍ പ്രധാന പ്രചരണ വിഷയങ്ങളെ മാറ്റി ജനശ്രദ്ധ തിരിച്ചുവിട്ടു ബിജെപിയെ സഹായിക്കുകയാണ് സിപിഎം.