കോൺഗ്രസിന് ജനങ്ങളുമായിട്ടാണ് ഡീൽ ; രാഹുൽ മാങ്കുട്ടത്തിലിനും ഫെന്നി നൈനാനും പിന്തുണയുമായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ്
ഇന്റർനെറ്റ് യുഗവും മൊബൈൽ യുഗവും ഒക്കെ കടന്ന് എ.ഐയുഗത്തിലുമൊക്കെ എത്തി നില്ക്കുന്ന കാലത്ത്, പഴയ കാളവണ്ടി യുഗത്തിലെ വ്യക്തിഹത്യ ആശയങ്ങളിൽ നിന്ന് സിപിഐഎമ്മിനും ബിജെപിക്കും ടിക്കറ്റ് എടുത്ത് കൊടുക്കുവാൻ ബോധമുള്ള ആരും ആ പാർട്ടിയിൽ ഇല്ല എന്നതാണ് സത്യമെന്ന് പരിഹസിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.
സൈബർ സ്പേസിന്റെ ഗുണം എന്താണെന്ന് ഒരു സംഘ-സഖാവിനോട് ചോദിച്ചാൽ, "പണ്ട് കവലകളിലും കലുങ്കുകളിലും ഇരുന്ന് പറഞ്ഞുകൊണ്ടിരുന്ന നുണകളും പരദൂഷണവും ഇന്ന് വീട്ടിലിരുന്ന് തന്നെ പറയാൻ പറ്റുന്നുണ്ട്.." എന്നതായിരിക്കും സൈബർ സംഘ -സഖാക്കളുടെ ഉത്തരം.അത്തരത്തിൽ അധഃപതിച്ചുപോയ സംഘ-സഖാക്കൾ, കമ്മ്യൂണിസ്റ്റ് ജനത പാർട്ടി എന്ന ബി.ജെ.പി-സി.പി.എം സങ്കര പാർട്ടിക്ക് വേണ്ടി കാഫിർ സ്ക്രീൻഷോട്ട് പോലെ ഉണ്ടാക്കിയെടുത്ത ഒരു നുണ ബോംബ് ആണ് പാലക്കാടിൽ രണ്ട് ദിവസമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
യാത്രകളിൽ ട്രോളി ബാഗ് ഉപയോഗിക്കുന്നവർ അവശ്യ സാധനങ്ങൾ കൊണ്ടുപോകാനൊക്കെയാ ഉപയോഗിക്കാറ്.ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പണ്ടത്തെ നയതന്ത്ര ചാനലിലെ സ്വർണക്കടത്തിന്റെയും, കൊടകര കുഴല്പണത്തിന്റെയും ഹാങ്ങോവർ ഉള്ളത്കൊണ്ട് അവർക്ക് ട്രോളി ബാഗിന്റെ ഉപയോഗം മറ്റു പലതിനുമായിരിക്കും.അത്കൊണ്ട് നിങ്ങളുടെ ഉള്ളിലെ രാഷ്ട്രീയ മാലിന്യം, കോൺഗ്രസിന്റെ പറമ്പിലോ ട്രോളി ബാഗിലോ നിക്ഷേപിക്കുവാനുള്ള ഐഡിയ ഇവിടെ എന്തായാലും വിലപ്പോവില്ലന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.
സ്ഥാനാർത്ഥിയായ രാഹുലിനെ വ്യക്തിഹത്യ ചെയ്യുന്നത് പോരാഞ്ഞിട്ട് , കെ.എസ്.യു സംസ്ഥാനകമ്മിറ്റി അംഗം ഫെന്നി നൈനാനിലോട്ടും കടന്ന് സകല സീമകളും ലംഘിച്ചു ആക്ഷേപിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വ്യഗ്രത വിലപോവില്ലന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.ഫെന്നി ഈ ഉപതിരഞ്ഞെടുപ്പിൽ പാലക്കാടിന്റെ ചുമതലയുള്ള കെ.എസ്.യുവിന്റെ സംസ്ഥാന കൺവീനറാണ്. ഫെന്നി ഉൾപ്പെടെയുള്ള മുഴവൻ സംസ്ഥാന ഭാരവാഹികൾക്കും വയനാട്, പാലക്കാട്, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളിൽ ചാർജ്ജ് ഉണ്ട്.
അതായത് ആ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമാവുക എന്നത് സംസ്ഥാന കെ.എസ്.യു കമ്മിറ്റി അവരുടെ മേൽ ഏൽപ്പിച്ച ചുമതലയാണ്,കെ.എസ്.യു ആർക്ക് ചാർജ് കൊടുക്കണം, പാർട്ടി എവിടെ, ഏത് റൂം തിരഞ്ഞെടുക്കണം, ആര് എവിടെ താമസിക്കണം എന്നെല്ലാം തീരുമാനിക്കാൻ സംഘടനക്ക് ഉത്തരവദിത്തപെട്ട നേതാക്കളും ബോഡികളുമുണ്ട്, പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കൾ അറിയാമെന്ന് വിശ്വസിക്കുന്നതായും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.കോൺഗ്രസിന് ജനങ്ങളുമായിട്ടാണ് ഡീൽ.ആ ഡീൽ വയനാടും പാലക്കാടും ചേലകരയും നവംബർ 23 ന് വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.