കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണ്: സന്ദീപ് വാര്യർ
പാലക്കാട്: കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെയും ആശയമാണെന്ന് സന്ദീപ് വാര്യർ. കോൺഗ്രസിൽ അംഗത്വം എടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പ് ഉത്പാദിപ്പിക്കുന്നിടത്ത് സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തെറ്റ്. സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിന്റെ ആഹ്ലാദത്തിലാണ് താൻ. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു താങ്ങല്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍നിന്നും പ്രതീക്ഷിക്കും. എല്ലാ ദിവസവും വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന ഒരു സ്ഥലത്തുനിന്നും ഏറെ കാലം സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് താൻ ചെയ്ത തെറ്റൊന്നും അദ്ദേഹം പറഞ്ഞു. ഒരു സംഘടനയില്‍പ്പെട്ട സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ച പിന്തുണ, സ്‌നേഹം, കരുതല്‍ ലഭിക്കാതെ ഒരു സിസ്റ്റത്തില്‍ പെട്ടുപോയ അവസ്ഥയിലായിരുന്നു താന്‍. ജനാധിപത്യത്തെ പാടെ മതിക്കാത്ത ഒരു സിസ്റ്റത്തില്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. സ്വന്തം അഭിപ്രായം പറയാനോ വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ ഒരു നിലപാട് പറയാനോ സ്വാതന്ത്ര്യം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടയാളാണ് താന്‍. ഒരു ഘട്ടത്തിലും ഞാന്‍ സംഘടനയെ തള്ളി പറഞ്ഞിട്ടില്ല. ആ സംഘടനയ്ക്കു വേണ്ടി സംസാരിച്ചിരുന്നു. ഒറ്റപ്പെടുത്തലും വേട്ടയാടലും മാത്രമാണുണ്ടായത്. ഞാന്‍ കോണ്‍ഗ്രസിലെത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രനാണ്. കേരളത്തിലെ സിപിഎമ്മും മുഖ്യമന്ത്രിയുമായി ചേര്‍ന്ന് നടത്തുന്ന സഹകരണ രാഷ്ട്രീയത്തിനെതിരെ നിലപാട് എടുത്തുവെന്നാണ് താന്‍ ചെയ്ത കുറ്റം. കരുവന്നൂരും കൊടകരയും പരസ്പരം വച്ചുമാറുന്നുവെന്നതിനെ എതിര്‍ത്തുവെന്നാണ് താന്‍ ചെയ്ത കുറ്റം. ധര്‍മരാജന്റെ കോള്‍ ലിസ്റ്റില്‍ പേരില്ല എന്നാതാണ് താന്‍ ചെയ്ത കുറ്റം. അതുകൊണ്ട് ആ കുറ്റങ്ങള്‍ ഒരു കുറവാണെങ്കില്‍ ആ കുറവ് അംഗീകരിച്ചുകൊണ്ട് സ്‌നേഹത്തിന്റെ കടയില്‍ ഒരു മെമ്പര്‍ഷിപ്പ് എടുക്കാനാണ് തീരുമാനിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു . വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ ഇത്രയും കാലം ജോലി ചെയ്തുവെന്ന ജാള്യതയാണ് എനിക്കിപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.