'കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക്' ബിജെപിക്ക് കനത്ത തിരിച്ചടി; സന്ദീപ് വാര്യർ കോൺഗ്രസിൽ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക്. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി സന്ദീപ് വാര്യരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഏകാധിപത്യ നടപടിയിലും പാലക്കാട്ടെ സ്ഥാനാർഥിയായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പരസ്യമായി പൊതുവേദിയിൽ അവഹേളിച്ച നടപടികളിലും സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ് വാര്യർ. ഇതിനിടെ സിപിഎമ്മും സിപിഐയും ഉൾപ്പെടെയുള്ള പാർട്ടികൾ സന്ദീപിനെ സ്വാഗതം ചെയ്തെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. ഇതിനിടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് നാലുനാൾ ശേക്ഷിക്കേ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം.
പാലക്കാട് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി സധീശൻ, ബെന്നി ബെഹ്‌നാൻ എംപി, ഷാഫി പറമ്പിൽ എംപി, വി.കെ ശ്രീകണ്ഠൻ എംപി തുടങ്ങിയവർ പങ്കെടുത്തു.