കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കി കോണ്‍ഗ്രസ്; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
തെരഞ്ഞെടുപ്പ് പ്രചാരണംപോലും സംഘടിപ്പിക്കാന്‍ സാധിക്കാത്ത വിധം കോണ്‍ഗ്രസിനെ നിരായുധരും നിഷ്‌ക്രിയരുമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി അവര്‍ക്കുതന്നെ പിന്‍വലിക്കേണ്ടി വന്നത് വലിയൊരു മത്സര വിജയത്തിന്റെ മുന്നോടിയാണ്. ആദായനികുതി വകുപ്പ് നല്‍കിയ നോട്ടീസിന് ജൂലൈ 24 വരെ നടപടി സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പിന് സുപ്രീകോടതിയില്‍ സമ്മതിക്കേണ്ടി വന്നത് സൗജന്യമല്ല. രാജ്യത്തിനകത്തും പുറത്തും രൂപംകൊണ്ട ജനാഭിപ്രായമാണ്.തെരഞ്ഞെടുപ്പില്‍ പ്രതിയോഗികളെ തോല്‍പ്പിക്കാന്‍ എന്ത് വൃത്തികെട്ട നയവും സ്വീകരിക്കുന്ന മോദി സര്‍ക്കാരിനുള്ള പ്രഹരമാണ് ഈ നടപടി. 3568 കോടി രൂപയുടെ നികുതി നോട്ടീസിനാണ് കാലാവധി നീട്ടിക്കൊണ്ടുള്ള നടപടി സുപ്രീംകോടതിയെ ബോധിപ്പിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചത്. നോട്ടീസ് ലഭിച്ച മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഈ നടപടിയുടെ ആനുകൂല്യം ലഭിക്കും. ഒരുകാലത്തും രാഷ്ട്രീയ വൈരനിര്യാതനബുദ്ധിയോടെ പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന ഇത്രയും ഹീനമായ നടപടികള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നുണ്ടായിട്ടില്ല. ഇഡി യെയും സിബിഐ യെയും തുടലൂരി വിട്ട് വേട്ടനായ്ക്കളെപോലെ പ്രതിപക്ഷ നേതാക്കളുടെ പിന്നാലെ ഓടിക്കുന്ന ക്രൂരത പിന്നെയും തുടരുകയാണ്. പൗരാവകാശങ്ങളും രാഷ്ട്രീയ സ്വാതന്ത്ര്യവും നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് ഇതൊക്കെ നടക്കുന്നതെന്ന ദാരുണ അവസ്ഥ വിദേശരാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ പോലും പ്രതികൂല പ്രതികരണത്തിന് കാരണമാക്കി.കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ആദായനികുതി വകുപ്പിനെതിരെ പ്രതികൂല വിധിയുണ്ടായാല്‍ അത് സര്‍ക്കാരിന്റെ കലങ്ങിയ പ്രതിച്ഛായ കൂടുതല്‍ കറുപ്പിക്കും എന്ന നിയമപരമായ തിരിച്ചറിവായിരിക്കാം നോട്ടീസയച്ച് പേടിപ്പിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്‍വലിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. രണ്ടുതവണ ആദായനികുതി വകുപ്പിന്റെ ഭരപ്പെടുത്തല്‍ നോട്ടീസ് ലഭിച്ചതോടെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ആദ്യത്തെ നോട്ടീസില്‍ 1823 കോടിരൂപയുടെയും ഞായറാഴ്ച നല്‍കിയ നോട്ടീസില്‍ 1745 കോടി രൂപയുടെയും നികുതിയും പലിശയുമാണ് ആവശ്യപ്പെട്ടത്. ഇതിന് പുറമെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തനത്തിനായ് പ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 135 കോടി രൂപയും ആദായനികുതി വകുപ്പ് പിടിച്ചെടുക്കുകയുണ്ടായി. ഇതോടെ ആയുധങ്ങള്‍ നഷ്ടമായ സൈന്യത്തെപ്പോലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് കീഴടങ്ങുകയോ തോറ്റ് പിന്മാറുകയോ പിന്തിരിഞ്ഞോടുകയോ ചെയ്യുമെന്ന് ബിജെപിയും മോദിയും കരുതി. 'ടാക്‌സ് ടെറസിസം' എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ഇതിനെ വിശേഷിപ്പിച്ചത്. ചില്ലിക്കാശുപോലുമില്ലാത്ത കോണ്‍ഗ്രസിനെ മോദിയുടെ മുമ്പില്‍ മുട്ടിലിഴയിപ്പിക്കുമെന്നായിരുന്നു ബിജെപി യുടെ വീരവാദം. മോദിയുടെ കാരുണ്യത്തിനായ് ഗാന്ധി കുടുംബവും കോണ്‍ഗ്രസും പിച്ചച്ചട്ടിയെടുത്ത് ബിജെപി യുടെ വാതിലില്‍ മുട്ടുമെന്ന് അവര്‍ സ്വപ്‌നം കണ്ടു.ആദായനികുതി വകുപ്പിന്റെ രണ്ട് നോട്ടീസുകളും അക്കൗണ്ടില്‍ നിന്ന് പണം പിടിച്ചെടുക്കലും ബിജെപി യില്‍ ആഹ്ലാദം അലതല്ലി. ദീപാവലിയും ഹോളിയും ഒന്നിച്ച് വന്നാലുള്ള ഇരട്ടി ആഘോഷത്തിലായിരുന്നു ബിജെപി.
രാഷ്ട്രീയമായി കോണ്‍ഗ്രസിനെ സര്‍വാംഗം കെട്ടിവരിഞ്ഞ് മുറുക്കി ചലനരഹിതമാക്കാനുള്ള ഒടുവിലത്തെ യുദ്ധതന്ത്രമായിരുന്നു ആദായനികുതി നോട്ടീസ്. അതും പാളിപ്പോയി. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പ് പാലിക്കുമോ എന്ന സന്ദേഹം ഇപ്പോഴും അവശേഷിക്കുന്നു. ജൂലൈ 24ന് മുന്‍പായി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നടപടിയുണ്ടായാല്‍ കോണ്‍ഗ്രസിന് കോടതിയെ സമീപിക്കാവുന്നതാണ്. രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ച അവസരത്തില്‍ പാര്‍ട്ടിയെ നിശ്ചലവും നിര്‍വീര്യവുമാക്കുന്ന നടപടിയില്‍ നിന്ന് ആദായനികുതി വകുപ്പ് മാറിനില്‍ക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പതിനേഴ് ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുള്ള അധികാര ദുര്‍വിനിയോഗമാണ്തി