സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി
കണ്ണൂർ: സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് സി.പി.എം നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കണ്ണൂർ പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജീഷിനെതിരേയാണ് നടപടി. ഡി.വൈ.എഫ്.ഐ. എരമരം സെൻട്രൽ മേഖല അംഗം കൂടിയാണ് സജീഷ്. സ്വർണം പൊട്ടിക്കൽ സംഘത്തിനൊപ്പം കാനായിയിൽ വീട് വളഞ്ഞ സംഘത്തിൽ സജേഷും ഉണ്ടായിരുന്നു.സജീഷിനെതിരേ നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ ആരോപണങ്ങൾ ഉണ്ടായിരുന്നു. അർജുൻ ആയങ്കി അടക്കമുള്ള സ്വർണം പൊട്ടിക്കൽ സംഘവുമായി സജീഷിന് ബന്ധമുണ്ട് എന്നടക്കം ആരോപണമുയർന്നിരുന്നു. എന്നാൽ ഒരു തരത്തിലുള്ള നടപടിയും സജീഷിനെതിരേ പാർട്ടി എടുത്തിരുന്നില്ല. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി സത്യപാലന്റെ ഡ്രൈവർ കൂടിയാണ് സതീഷ്. അതുകൊണ്ട് പാർട്ടിക്കുള്ളിൽ സജീഷിന് സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണം താഴേത്തട്ടിൽ ശക്തമായിരുന്നു.
കഴിഞ്ഞ മേയ് മാസത്തിലായിരുന്നു സജീഷും അർജുൻ ആയങ്കി അടക്കമുള്ള സംഘവും പയ്യന്നൂർ കാനായിൽ സ്വർണം പൊട്ടിക്കാൻ എത്തിയത്. ഇവിടെ വച്ച് നാട്ടുകാരും പാർട്ടി പ്രവർത്തകരും കൂടി സജീഷിനെ പിടികൂടുകയായിരുന്നു. തുടർന്ന് വിഷയം പാർട്ടിക്കുള്ളിൽ വൻതോതിൽ ചർച്ചയായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സജീഷിനെ ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.