'രാമനും ലക്ഷ്‌മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു' സിപിഐ നേതാവ് പി ബാലചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ
തൃശൂർ: തൃശൂർ എംഎൽഎയും സിപിഐ നേതാവുമായ പി ബാലചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. ശ്രീരാമനെ കുറിച്ചുള്ള പരാമാർശങ്ങളാണ് കടുത്ത എതിർപ്പുകൾ വിളിച്ചുവരുത്തിയത്. അതേസമയം വിവാദമായതോടെ എംഎൽഎ പോസറ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു.
ഇന്നലെ രാത്രി പതി'നൊന്നു മണിയോടെയാണ് പി. ബാലചന്ദ്രൻ എംഎൽഎ വിവാദ പോസ്റ്റിട്ടത്. ശ്രീരാമനെ കുറിച്ചുള്ള ഫേയ്ബുക്ക് പോസ്റ്റിലെ ഭാഷ വളരെ മോശമാണെന്ന് സിപിഐക്കാർ തന്നെ വിമർശനം ഉയർത്തിയതോടെ ബാലചന്ദ്രൻ വെട്ടിലായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ പോസ്റ്റ് തിരിച്ചടിയാകുമെന്ന് ബാലചന്ദ്രനെ പാർട്ടിക്കാർ തന്നെ ബോധ്യപ്പെടുത്തി. ഇതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ച് എംഎൽഎ ഖേദം പ്രകടിപ്പിച്ചത്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല. പഴയ ഒരു കഥ എഫ്ബിയിൽ ഇട്ടതാണെന്നും എംഎൽഎ വിശദീകരിച്ചു.രാമായണത്തിലെ പ്രധാന കഥാപാത്രമായ സീത, രാമനും ലക്ഷ്‌മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്നാണ് ബാലചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചത്. സി.പി.ഐ മൽസരിക്കുന്ന ലോക്സഭ സീറ്റാണ് തൃശൂരിലേത്. അതുകൊണ്ടുതന്നെ, എംഎൽഎയുടെ ഫേയ്സബുക്ക് പോസ്റ്റ് സൃഷ്‌ടിക്കുന്ന പ്രത്യാഘാതം ചെറുതല്ല. ഇത് മനസിലാക്കി തന്നെയാണ് സി.പി.ഐ നേതാക്കൾ ഇടപ്പെട്ടത്. പി. ബാലചന്ദ്രൻ്റെ നിയമസഭാഗത്വം റദ്ദാക്കണമെന്ന് ബ്രാഹ്മണ സഭ ആവശ്യപ്പെട്ടു. പോസ്റ്റിൽ എം.എൽ.എയ്ക്ക് തെറ്റുപറ്റിയെന്ന് സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി പറഞ്ഞു. ജാഗ്രത വേണമായിരുന്നു, എംഎൽഎ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും കെ.കെ. വൽസരാജ് വ്യക്തമാക്കി.