സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് ഡിവൈഎഫ്ഐ 'രക്ഷാപ്രവർത്തനം'; മർദ്ദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു
കൊച്ചി: നവ കേരള സദസിനിടെ ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് നേരെ ഡിവൈഎഫ്ഐ മർദ്ദനം. മർദ്ദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് പാർട്ടി വിട്ടത്. വെള്ളിയാഴ്ച വൈകുന്നേരം കൊച്ചി മറ്റെൻ ഡ്രൈവിലെ നവ കേരള സദസിനിടെയാണ് റയീസിന് മർദ്ദനമേറ്റത്. മാധ്യമ പ്രവർത്തകർക്കെതിരായി ഇല്ലാത്ത കേസുകൾ എടുക്കുന്നതിൽ പ്രതിഷേധിച്ച് തീവ്ര ഇടതു വിദ്യാർത്ഥി സംഘടനയായ ഡിഎസ്എ പ്രവർത്തകർ മറൈൻഡ്രൈവ് പരിസരത്ത് ലഘുലേഖ വിതരണം നടത്തിയിരുന്നു. ഈ ഡിഎസ്എ പ്രവർത്തകർക്കരികിൽ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്ന് റയീസ് പറയുന്നു. പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് റയീസ് പറയുന്നു.
അതേസമയം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായ രണ്ട് ഡിഎസ്എ പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിഎസ്എ പ്രവർത്തകരായ ഹനീൻ, റിജാസ് എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. ലഘുലേഖ വിതരണം നടത്തുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇരുവരെയും വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.സ്ഥലത്ത് പൊലീസ് ഉണ്ടായിട്ടും തങ്ങളെ മർദ്ദിക്കുന്നതിന് പൊലീസും കൂട്ടുനിന്നതായി ഇരുവരും പറഞ്ഞു. വൈകുന്നേരം അറസ്റ്റ് ചെയ്ത തങ്ങളെ പുലർച്ചെയാണ് ജാമ്യത്തിൽ വിടുന്നത്. ആ സമയം വരെ ഭക്ഷണം ഒന്നും തന്നെ നൽകിയിട്ടില്ല. മർദ്ദനം ഏൽക്കേണ്ടി വന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോകുവാൻ പൊലീസ് തയ്യാറായില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ ഇതുവരെയും പൊലീസ് നടപടി ഉണ്ടായിട്ടില്ല.