സിപിഎം - ബിജെപി കൂട്ടുകെട്ട്; 'ഡീൽ' പ്രേക്ഷകശ്രദ്ധ നേടുന്നു
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിനായി പാലക്കാട് ഡിസിസിയുടെ ആഭിമുഖ്യത്തിൽ നാടകം 'ഡീൽ' അവതരിപ്പിച്ചു. സിപിഎം- ബിജെപി അന്തർധാരയെക്കുറിച്ചാണ് 'ഡീൽ' പ്രതിപാദിക്കുന്നത്. ഏകദേശം 35 മിനിറ്റുള്ള നാടകത്തിൽ കോൺഗ്രസ് പ്രവർത്തകരാണ് അഭിനേതാക്കൾ. പ്രതിഫലം ഒന്നുമില്ലാതെ ആളുകൾക്ക് മനസ്സിലാകുന്ന തരത്തിൽ സിപിഎം - ബിജെപി ബാന്ധവം വളരെ വ്യക്തമാകുന്ന തരത്തിൽ ആനുകാലിക സംഭവങ്ങളാണ് നാടകത്തിൽ പ്രതിപാദിക്കുന്നത്. ബോംബ് രാഷ്ട്രീയം മുതൽ പി പി ദിവ്യയുടെ വിഷയം വരെ നാടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാർലമെന്റ് ഇലക്ഷനോട് അനുബന്ധിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ' ഓപ്പൺ ജയിൽ' എന്ന നാടകം അവതരിപ്പിച്ചിട്ടുണ്ട്. മാസങ്ങളെടുത്ത് ജോലിയുടെ ഇടവേളകളിലാണ് നാടക പരിശീലനം നടത്തിയത്. പെയിന്റ് പണിക്കാർ, കോൺട്രാക്ടർ, ഓട്ടോറിക്ഷ ഡ്രൈവർ, പാൽ സൊസൈറ്റി ജീവനക്കാരൻ, മൺകലം വിൽക്കുന്ന കടയുള്ളയാൾ തുടങ്ങിയ സാധാരണ ആളുകളാണ് ഈ നാടകത്തിലെ അഭിനേതാക്കൾ.
വർഷങ്ങളായി നാടകം ചെയ്യുന്ന ആളുകൾ ആണ്. ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ' ചമ്പാരൻ ', ജാലിയൻവാലാബാഗിന്റെ നൂറാം വാർഷികത്തിൽ 'ജാലിയൻവാലാബാഗ്' തുടങ്ങി അമേച്ചർ നാടകങ്ങളും ഇൻഡോർ നാടകങ്ങളും അവതരിപ്പിക്കാറുണ്ട്. മരുഭൂമിയിലെ പൂക്കൾ, ചുടുകാട് ' മുഖം മൂടി, തീവണ്ടി, പൊതു മേഘലാ സ്ഥാപനങ്ങൾ വിൽപ്പനക്ക്, പ്രജാപതി,, നാടകവണ്ടി തുടങ്ങിയവയാണ് മറ്റ് നാടകങ്ങൾ. കൂടാതെ അതാത് കാലഘട്ടങ്ങളിൽ നടക്കുന്ന കർഷക സമരത്തോടനുബന്ധിച്ചുള്ള ' അന്നം ' എന്ന നാടകം കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു.
പ്രതിഷേധം നാടക രൂപത്തിൽ അവതരിപ്പിക്കുകയാണ് ഞങ്ങൾ. സാധാരണ ആളുകൾക്ക് മനസ്സിലാകുന്ന തരത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തെ തുറന്നുകാട്ടുകയാണ് അവതരണത്തിലൂടെ. സർക്കാരിനോടും ഭരണകൂടത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തോടുമുള്ള എതിർപ്പ് നാടകത്തിലൂടെ പറയുകയാണ്. കോൺഗ്രസിന് ഇങ്ങനെയൊരു സാംസ്കാരിക വിഭാഗം ഇല്ലെന്ന് ആയിരുന്നു പലരും കരുതിയിരുന്നത്. ആ ധാരണ പാലക്കാട് തിരുത്തിക്കുറിച്ചു. അങ്ങനെ കോട്ടയത്ത് വെച്ച് നടന്ന വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ ഞങ്ങൾ ചെയ്ത അധകൃതർ എന്ന നാടകം പാലക്കാടുനിന്ന് കണ്ട് ബഹുമാനപ്പെട്ട മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പരിപാടിയിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചുവെന്ന് അഭിനേതാവും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ഗിരീഷ് നൊച്ചുള്ളി പറഞ്ഞു.
സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത സംവിധാനവും സജിത്ത് ശങ്കർ സംഗീതസംവിധാനവും നിർവഹിച്ച നാടകത്തിൽ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ജയ്സൺ ചാക്കോ, സജീവൻ പൂവക്കോട്, കലാധരൻ ഉപ്പുംപാടം, ഫാറൂഖ് ഒലവക്കോട് എന്നിവരാണ് മറ്റു അഭിനേതാക്കൾ.