കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം ജില്ലാ സെക്രട്ടറി ഇഡിക്കു മുന്നിൽ
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു മേൽ കുരുക്കു മുറുകുന്നു. നോട്ടീസ് പ്രകാരം കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ ഹാജരായി. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി. അതേസമയം വായ്പ അടച്ചു തീരുന്നതിനു മുൻപ് ഈട് വസ്തുവിന്റെ രേഖകൾ തിരികെ നൽകിയതും ബിനാമി വായ്പകൾ അനുവദിപ്പിക്കുന്നതിനു പിന്നിലും സിപിഎം നേതൃത്വത്തിനു പങ്കുണ്ടെന്നാണ് ഇഡിക്കു ലഭിച്ച വിവരം.
ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. കരുവന്നൂരിൽ ബെനാമി ലോൺ അനുവദിക്കാൻ സിപിഎമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നുവെന്നും 35 ആം പ്രതിയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സി കെ ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നുമാണ് ഇഡി കണ്ടെത്തൽ. ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നിർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.