'മാധ്യമങ്ങൾ ഇറച്ചി കടയ്ക്ക് മുന്നിൽ നിൽക്കുന്ന പട്ടികൾ' അധിക്ഷേപിച്ച് സിപിഎം നേതാവ്
പാലക്കാട്: മാധ്യമങ്ങൾക്കെതിരെ അധിക്ഷേപം തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. ഇറച്ചി കടയ്ക്ക് മുന്നിൽ നിൽക്കുന്ന പട്ടികളെന്നാണ് വാർത്ത നൽകിയ മാധ്യമങ്ങളെ അതിക്ഷേപിച്ചത്. പാർട്ടിവിട്ട ഏരിയകമ്മിറ്റി അംഗം ഷുക്കൂറിനെ അനുനയിപ്പിച്ച് എൽഡിഎഫ് കൺവെൻഷനിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സിപിഎം നേതാവിന്റെ അധിക്ഷേപ പരാമർശങ്ങൾ. കൂടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ എൻഎൻ കൃഷ്ണദാസിനോട് മിതത്വം പാലിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതൊന്നും കൂസാതയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിച്ചില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയതായും ഉപതെരഞ്ഞെടുപ്പിൽ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നു ആരോപിച്ചായിരുന്നു ഷുക്കൂർ പാർട്ടിവിട്ടത്.
അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുൻനഗരസഭ കൗൺസിലർ കൂടിയായ ഷുക്കൂർ പാർട്ടി വിടുന്നത് ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് ഭയന്നാണ് അനുനയ നീക്കവുമായി നേതാക്കൾ രംഗത്തെത്തിയത്.