ആഭ്യന്തര വകുപ്പ് പരാജയമെന്ന് സിപിഎം; മറുപടി പറയാതെ മൗനിയായി മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളിലൊന്നാണെന്ന് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. ഗുണ്ടകളെ അടിച്ചമര്‍ത്തുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രിയറിയാതെ പൊലീസിനുള്ളിൽ നടക്കുന്ന ചില ഇടപെടലുകൾ തിരുത്തേണ്ടതുണ്ടെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടല്‍ സുരേഷ് ഗോപിയെ സഹായിക്കാനായിരുന്നു. ആരുടെ നിർദ്ദേശ പ്രകാരമാണ് ഈ ഇടപെടൽ നടന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. സ്ത്രീ സുരക്ഷാ വിഷയത്തിലും പൊലീസ് പരാജയമാണെന്ന് യോഗം വിലയിരുത്തി. അതേസമയം, പ്രതിപക്ഷം നിയമസഭയിലും പുറത്തും ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും വീഴ്ചകൾ നിരന്തരം ചൂണ്ടിക്കാട്ടുമ്പോഴെല്ലാം പരിഹസിക്കുകയും സേനയുടെ മനോവീര്യം തകർക്കരുതെന്ന് പറഞ്ഞ് ക്ഷോഭിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി പാർട്ടി യോഗത്തിൽ ഈ വിമർശനങ്ങളോട് പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു.
പാര്‍ട്ടി പിണറായിയുടെ പൂര്‍ണ നിയന്ത്രണത്തിലായതിനു ശേഷം ഒരുപക്ഷേ ആദ്യമായാണ് പാര്‍ട്ടിക്കുള്ളില്‍ പിണറായിക്കെതിരെ വിമർശനം ഉയരുന്നത്. പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയും ശ്രദ്ധിക്കണം എന്ന തരത്തിലാണു പല നേതാക്കളും നിലപാട് വ്യക്തമാക്കിയത്.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതില്‍ ജാഗ്രത കാണിക്കാതിരുന്നത് തിരിച്ചടിക്ക് കാരണമായെന്ന് ധനമന്ത്രിക്കെതിരെയും വിമർശനം ഉയർന്നു. പാർട്ടിയുമായി കൂടിയാലോചനയില്ലാതെ കാര്യങ്ങൾ തീരുമാനിക്കുന്നത് ദോഷകരമായെന്ന നിലപാടും ചില നേതാക്കൾ ഉന്നയിച്ചു. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പല പരാതികളും തനിക്കു ലഭിച്ചിരുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിക്കിടയാക്കിയ വെല്ലുവിളികള്‍ തിരിച്ചറിയാനും ഫലപ്രദമായി ചെറുക്കാനും സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ നിലകൊണ്ടിരുന്ന ക്രൈസ്തവരിലെ ഒരു വിഭാഗം ഇത്തവണ ബിജെപിക്ക് അനുകൂലമായി നിലകൊണ്ടു എന്നതും പ്രധാനപ്പെട്ടതാണ്. വര്‍ഗീയ ധ്രുവീകരണത്തിന് ജാതീയ വിഭാഗങ്ങളെ മാത്രമല്ല മത വിഭാഗങ്ങളെയും ഉപയോഗിച്ചിട്ടുണ്ട്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ച് ഭരണത്തിന്റെ കടിഞ്ഞാണ്‍ കൂടുതല്‍ പാര്‍ട്ടിയുടെ കൈകളില്‍ വേണമെന്ന നിലപാടാണ് പല നേതാക്കളും ഉയര്‍ത്തുന്നത്.
പാര്‍ട്ടിക്ക് അടിത്തറിയായിരുന്ന ഈഴവ വോട്ടുകള്‍ പല മണ്ഡലങ്ങളിലും നഷ്ടമായെന്നും ആറ്റിങ്ങല്‍, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ അടിസ്ഥാന വോട്ടുകള്‍ പോലും ചോര്‍ന്നെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.