ഇ.പി ജയരാജനെ ഭീഷണിപ്പെടുത്തി പാലക്കാട് എത്തിച്ച സിപിഎം, അദ്ദേഹത്തെ വീണ്ടും അപമാനിക്കുന്നു; വി.ഡി സതീശൻ
പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞ ഇ.പി ജയരാജനെ സിപിഎം ഭീഷണിപ്പെടുത്തിയാണ് പാലക്കാട് എത്തിച്ച് അദ്ദേഹം എഴുതിയതിന് എതിരായി സംസാരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.പി ജയരാജനെ സിപിഎം നേതൃത്വം വീണ്ടും അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.ബി രാജേഷും അളിയനും ചേര്‍ന്നുണ്ടാക്കിയ നാടകങ്ങളെല്ലാം ഏഴുനിലയില്‍ പൊട്ടി. സ്ഥാനാര്‍ത്ഥിയെക്കൊണ്ട് സി.പി.എം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂവെന്നും സതീശൻ പറഞ്ഞു. പിണറായി വിജയന്‍ കഴിഞ്ഞാല്‍ എം.വി ഗേവിന്ദനേക്കാള്‍ സീനിയര്‍ നേതാവാണ് ഇ.പി ജയരാജന്‍. സിപിഎം ഇ.പി ജയരാജനെ വീണ്ടും അപമാനിക്കുകയാണ്. പുസ്തകം എഴുതിയത് ഇ.പി തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാം. തിരഞ്ഞെടുപ്പ് ആയതു കൊണ്ടാണ് ഇ.പിയും സിപിഎമ്മും കള്ളം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം പുറത്താക്കിയത് പാര്‍ട്ടിയിലെ ഇ.പിയുടെ മിത്രങ്ങളാണോ ശത്രുക്കളാണോ എന്നു മാത്രം അന്വേഷിച്ചാല്‍ മതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പമാണെന്നു പറഞ്ഞ എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.പി ദിവ്യയെ ജയിലില്‍ എത്തി സ്വീകരിച്ചത്. പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്ന് അന്വേഷിക്കണം. ആ സിപിഎം നേതാവ് ആരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.പി ദിവ്യ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് എം.വി ഗോവിന്ദന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെ ജയിലിലേക്ക് പറഞ്ഞുവിട്ടത്. എന്തൊരു കാപട്യവും വഞ്ചനയുമാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ആന്തൂര്‍ സാജന്റെ മരണത്തിന് കാണക്കാരിയെന്ന ആരോപണം നേരിട്ടയാളാണ് ശ്യാമള ഗോവിന്ദന്‍. അതുപോലെ നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയാണ് പി.പി ദിവ്യ. രണ്ടു കുടുംബനാഥന്‍മാര്‍ ആത്മഹത്യ ചെയ്യുന്നതിന് കാരണക്കാരായ രണ്ടു പേരും തമ്മില്‍ ജയില്‍ മുറ്റത്തുവച്ച് നടത്തിയ സംഗമം കേരള രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വസംഗമമായി അടയാളപ്പെടുത്തേണ്ടതാണ്. പക്ഷെ ഒരു മാധ്യമങ്ങളും അത് പ്രത്യേകമായി അടയാളപ്പെടുത്തിയില്ല. സി.പി.എം കാണിക്കുന്നത് മുഴുവന്‍ നാടകമാണെന്നും സതീശൻ കുറ്റപ്പെടുത്തി.