വർഗീയ കാർഡുമായി സിപിഎം; സുപ്രഭാതത്തിലും സിറാജിലും പരസ്യം, പാലക്കാട്, മലപ്പുറം എഡിഷനുകളില്‍ മാത്രം
നാളെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പത്രങ്ങളില്‍ മാത്രം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പരസ്യം നൽകിയിരിക്കുകയാണ്. കാന്തപുരം വിഭാഗത്തിന്റെ പത്രമായ സിറാജിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്രമായ സുപ്രഭാതത്തിലുമാണ് സിപിഎം മുന്‍പേജ് പരസ്യം നല്‍കിയിട്ടുള്ളത്. 'സരിന് തരംഗം' എന്ന തലക്കെട്ട് നല്കി സരിന്റെ ചിരിക്കുന്ന ചിത്രവും ചിഹ്നമായ സ്റ്റെതസ്ക്കോപ്പും ഉൾപ്പെടെയാണ് പരസ്യം. വിമര്‍ശനം ഒഴിവാക്കാന്‍ പാലക്കാട്, മലപ്പുറം എഡിഷനുകളില്‍ മാത്രമാണ് പരസ്യം നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.
മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തിനെതിരെ മുസ്ലിം സമുദായത്തില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ മുസ്ലിം ലീഗ് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് സിറാജിലും സുപ്രഭാതത്തിലും സിപിഎം പരസ്യം പ്രത്യക്ഷപ്പെടുന്നത്. പാലക്കാട് നല്ലൊരു വിഭാഗം മുസ്ലിം വോട്ടുകള്‍ ഉണ്ടായിരിക്കെയാണ് മുസ്ലിം പത്രങ്ങളില്‍ മാത്രം പരസ്യം നല്കി സമുദായത്തെ കൂടെ നിർത്താൻ സിപിഎം ശ്രമിക്കുന്നത്. രാഷ്ട്രീയം പറഞ്ഞ് തോൽക്കുമെന്നായപ്പോൾ ഗീയത വിറ്റ് വിജയിക്കാനാകുമോ എന്ന് പരിശ്രമിക്കുകയാണ് സിപിഎം.