Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സുരേഷ് ഗോപിയെ പിന്തുണച്ച് സിപിഎം വനിതാ എംഎൽഎ

09:09 PM Nov 09, 2023 IST | Veekshanam
Advertisement

ദലീമയുടെ വെളിപ്പെടുത്തലിൽ അമ്പരന്ന് പാർട്ടി നേതൃത്വം

Advertisement

തിരുവനന്തപുരം: പ്രതികരണം തേടുന്നതിനിടെ മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ ബിജെപി നേതാവും നടനുമായ സുരേഷ്ഗോപിയെ പിന്തുണച്ച് സിപിഎം വനിതാ എംഎൽഎ നടത്തിയ വെളിപ്പെടുത്തലിൽ അമ്പരന്ന് സിപിഎം നേതൃത്വം. സുരേഷ്ഗോപി ചെയ്തതിൽ തെറ്റുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന അരൂർ എംഎൽഎ ദലീമയുടെ തുറന്നുപറച്ചിലാണ് പാർട്ടിയെ കുരുക്കിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതാക്കളും ഒരേ സ്വരത്തിൽ സുരേഷ്ഗോപിയുടെ നടപടിയെ അതിരൂക്ഷമായി വിമർശിക്കുമ്പോഴാണ് വിരുദ്ധാഭിപ്രായവുമായി ദലീമ രംഗത്തുവന്നതെന്നത് ശ്രദ്ധേയമാണ്. അമേരിക്കയിലെ മിയാമിയില്‍ ഈമാസം ആദ്യ വാരം നടന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വനിതാ ഫോറത്തിലായിരുന്നു സിപിഎം എംഎൽഎയുടെ വിവാദ പ്രതികരണം. ഇതിന്റെ വീഡിയോ ഇന്നലെ ഒരു മലയാളം ഓൺലൈൻ പോർട്ടൽ പുറത്തുവിട്ടു.
സുരേഷ്ഗോപി ചെയ്തത് ഒരു മലയാളിയുടെ ശൈലിയാണെന്നും അതിൽ ദുരുദ്ദേശം ആരോപിക്കുന്നത് ശരിയല്ലെന്നുമാണ് ദലീമയുടെ വാദം. തൊട്ടും ഉമ്മവച്ചും വാത്സല്യം പ്രകടിപ്പിക്കുന്നത് മലയാളികളുടെ ശൈലിയാണ്. സിനിമാ നടനായ സുരേഷ്ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തിയാണെന്നും അങ്ങനെയൊരാൾ പൊതുമധ്യത്തിൽ അപമര്യാദയായി പെരുമാറി എന്ന് കരുതാനാവില്ലെന്നും ദലീമ വാദിക്കുന്നു. മാധ്യമ പ്രവർത്തക  സ്മൃതി പരുത്തിക്കാട് സുരേഷ് ഗോപി ചെയ്തത് തെറ്റായിപ്പോയി എന്നഭിപ്രായപ്പെട്ടതിന് മറുപടിയായിട്ടാണ് ദലീമയുടെ പരാമര്‍ശം.
സ്ത്രീകളോട് മാത്രമല്ല പുരുഷൻമാരായ മാധ്യമ പ്രവർത്തകരോടും സുരേഷ് ഗോപി അപമര്യാദയായിട്ടാണ് പെരുമാറാറുള്ളതെന്ന് സ്മൃതി പരുത്തിക്കാട് പറഞ്ഞു. മറ്റുള്ളവർക്ക് ഒന്നുമറിയില്ലെന്നും തനിക്കെല്ലാം അറിയമെന്ന ഭാവത്തിലാണ് മാധ്യമപ്രവർത്തകരോടുള്ള പെരുമാറ്റം. ആ സ്പർശം മാധ്യമ പ്രവർത്തകയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ ബുദ്ധിമുട്ട് തന്നെയാണ്. പുരുഷൻമാരായ മാധ്യമ പ്രവർത്തകരും അവിടെയുണ്ടായിരുന്നു. അവരെ അനിയാ എന്ന് വിളിച്ച് തോളിൽ കയ്യിട്ടും കയ്യിൽ പിടിച്ചും വാത്സല്യം പങ്കുവെക്കാത്തത് എന്ത് കൊണ്ടായിരുന്നുവെന്നും സ്മൃതി ചോദിച്ചു. താനും ഇത്തരത്തിൽ അപമാനം നേരിട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം, കേരളത്തിലുൾപ്പെടെ സ്ത്രീകൾക്ക് ഇപ്പോഴും വിവേചനമുണ്ടെന്നും പൂർണസുരക്ഷ ഇല്ലെന്നും ദലീമ അഭിപ്രായപ്പെട്ടു. ഇന്നും ഇതിന് മാറ്റം വന്നിട്ടില്ല. രാത്രിയിൽ സുരക്ഷിതമായി ഇപ്പോഴും സ്ത്രീക്ക് ഇറങ്ങി നടക്കാനാവുന്നില്ലെന്നും സിപിഎം എംഎൽഎ കൂട്ടിച്ചേർത്തു.

Advertisement
Next Article