കുസാറ്റിലേത് ഗുരുതര പിഴവ്; ജുഡീഷ്യൽ അന്വേഷണം അനിവാര്യം: ഹൈബി ഈഡൻ എംപി
കൊച്ചി: കുസാറ്റ് സർവ്വകലാശാലയിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഗാനമേളക്കിടയിൽ ഉണ്ടായ അപകടം സർവ്വകലാശാല അധികൃതരുടെ ഗുരുതര പിഴവ് മൂലമെന്ന് ഹൈബി ഈഡൻ എംപി. സംഭവത്തിൽ പഴുതടച്ച അന്വേഷണം ആവശ്യമാണ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതായും എംപി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് ധാർമിക ഉത്തരവാദിത്വമുണ്ട്. അതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറുവാൻ കഴിയില്ല. കുസാറ്റിലെ അനധികൃത നിയമനങ്ങൾ നടത്തുന്നതിൽ മാത്രമാണ് സർക്കാരിന് ശ്രദ്ധയുള്ളത്. പി കെ ബേബിയുടെത് ഉൾപ്പെടെയുള്ള നിയമനങ്ങൾ സർവകലാശാലയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കിയത്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിൽക്കുന്നവരെ മാറ്റിനിർത്തി വേണം അന്വേഷണം നടത്തുവാനെന്നും ഹൈബി പറഞ്ഞു. അതോടൊപ്പം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും ഹൈബി കൂട്ടിച്ചേർത്തു. കുസാറ്റിലെ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർവകലാശാലയ്ക്ക് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അപകടം നടന്ന ഓഡിറ്റോറിയവും വിദ്യാർത്ഥികളുടെ ഇത്തരം പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വമുള്ള പി കെ ബേബിയുടെ ഓഫീസും അടുത്തടുത്താണ്. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് യാതൊരു മാർഗ്ഗനിർദ്ദേശവും സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകിയിരുന്നില്ല. അപകടത്തിന്റെ വഴി ഒന്നോ രണ്ടോ ആളുകൾ ചാരി ഇതിന്റെ ഉത്തരവാദിത്വം ഉള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഷിയാസ് ആവർത്തിച്ചു.