പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം, വിദ്യാഭ്യാസ ഗുണമേൻമയ്ക്ക് പാഠ്യ പരിഷ്കരണം മാത്രം പോര: മന്ത്രി
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയ്യാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയത്. ഒന്നര വർഷത്തോളം നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് പാഠപുസ്തകങ്ങൾ തയാറാക്കിയത്. ഏകദേശം 900 അധ്യാപകർ മാത്രം ഇതിൽ പങ്കെടുത്തു. സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായാണ് പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിന് മുമ്പ്, 2007 ലാണ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടത്തിയത്. അതിന് ശേഷം സമഗ്രമായ മാറ്റത്തിനു വിധേയമാകുന്നത് ഇപ്പോഴാണ്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലാണ് പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങൾക്കും പ്രവർത്തന പുസ്തകം അഥവാ ആക്ടിവിറ്റി ബുക്ക് തയ്യാറാക്കും. അഞ്ചാം ക്ലാസ്സു മുതൽ കലാ വിദ്യാഭ്യാസം തൊഴിൽ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങൾ ഉണ്ടാകും. പാഠപുസ്തകങ്ങൾ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റൽ പതിപ്പും പ്രസിദ്ധീകരിക്കും. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേർത്തിട്ടുണ്ട്. കായികരംഗം, മാലിന്യ പ്രശ്‌നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിർത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിർദ്ദേശം വെച്ച പ്രകാരം പോക്‌സോ നിയമങ്ങൾ, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്. 5 മുതൽ 10 വരെ തൊഴിൽ വിദ്യാഭ്യാസം നൽകും. ടൂറിസം, കൃഷി, ഐ.റ്റി., ടെക്‌സ്റ്റൈൽ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുന്നതാകും ഇത്.
അതേസമയം, പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചതുകൊണ്ടു മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
അതിന് അനുസരിച്ചുള്ള ഗൗരവമായ പ്രവർത്തനങ്ങൾ ക്ലാസ്മുറികളിലും പുറത്തും നടക്കേണ്ടതുണ്ട്. അതിന് നേതൃത്വം നൽകേണ്ടത് അധ്യാപകരാണ്.
പാഠപുസ്തക പരിഷ്‌കരണത്തെ തുടർന്ന് അധ്യാപകർക്കുള്ള അധ്യാപക പുസ്തകങ്ങൾ വികസിപ്പിക്കും, തുടർന്ന് അധ്യാപകർക്ക് നല്ല പരിശീലനവും നൽകാനാണ് ഉദ്ദേശിക്കുന്നത്.
പാഠപുസ്തകങ്ങളുടെ മുഴുവൻ ഡിജിറ്റൽ ടെക്സ്റ്റും വികസിപ്പിക്കും.
രാജ്യത്ത് ആദ്യമായി രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും.
ഇവ രണ്ടും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.