മോദിയുടെ 'രാമരാജ്യ'ത്തില്‍ ദളിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും ജോലി ലഭിക്കില്ലെന്ന് രാഹുല്‍ഗാന്ധി
കാണ്‍പൂര്‍: ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന ദളിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും മോദിയുടെ 'രാമരാജ്യ'ത്തില്‍ അവരോട് വിവേചനം കാണിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
'ഇത് എന്ത് തരത്തിലുള്ള രാമരാജ്യമാണ്. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം പിന്നാക്ക വിഭാഗക്കാരാണ്. 15 ശതമാനം ദളിതര്‍. 8 ശതമാനം ആദിവാസികള്‍. 15 ശതമാനം ന്യൂനപക്ഷങ്ങള്‍. എത്ര നിലവിളിച്ചാലും ഈ രാജ്യത്ത് നിങ്ങള്‍ക്ക് തൊഴില്‍ ലഭിക്കില്ല. നിങ്ങള്‍ പിന്നാക്ക, ദലിത്, ആദിവാസി, ദരിദ്ര ജനറല്‍ വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ നിങ്ങള്‍ക്ക് ജോലി ലഭിക്കില്ല, നിങ്ങള്‍ക്ക് ജോലി ലഭിക്കണമെന്ന് നരേന്ദ്ര മോദി ആഗ്രഹിക്കുന്നില്ല''- രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്ത് ആളുകള്‍ പട്ടിണി മൂലം മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരും ദളിതരും ആദിവാസികളുമായ എത്ര പേര്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം ചോദിച്ചു. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ദലിത് വിഭാഗത്തില്‍ നിന്നുള്ള മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും അകത്തേക്ക് കയറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പാര്‍ട്ടിയും സഖ്യവും മുന്നോട്ട് വെക്കുന്ന ജാതി സെന്‍സസിനെ കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. ഇന്ത്യയുടെ പുരോഗതിയുടെ ഏറ്റവും വിപ്ലവകരമായ ചുവടുവെപ്പാണ് ജാതി സെന്‍സസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മുഴുവന്‍ സമ്പത്തും രണ്ടോ മൂന്നോ ശതമാനം ആളുകളുടെ കൈകളിലാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഉജ്വലിക്കുന്ന ജ്വാലയും വീക്ഷണത്തിന്റെ മുത്തുമാണ് ആനന്ദ്