നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ കോളജിലെ ബിഎസ്‌സി അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്. നവംബര്‍ 15 നാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുന്നത്. അന്ന് വൈകിട്ടാണ് അമ്മുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അത്യാഹിത വിഭാഗത്തിലെ ഡോക്ടർ, ഓർത്തോ വിഭാഗം ഡോക്ടർ, ജീവനക്കാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പരുക്കേറ്റ അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നൽകിയതിന് പിന്നാലെ ആണ് പോലീസ് പുതിയ കേസെടുത്തത്. നേരത്തെ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അമ്മുവിൻറെ തലച്ചോറിലെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള ക്ഷതം ഏറ്റിട്ടുണ്ടെന്നും തുടയ്ക്കും ഇടുപ്പിനും ഏറ്റ മാരകമായ പൊട്ടലുമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.