രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐക്കാരായ 15 പേർക്കും വധശിക്ഷ. ഒരു കേസിൽ ഇത്രയധികം പേർക്ക് ഒരുമിച്ചു വധശിക്ഷ വിധിക്കുന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യം. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസം 20 നു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിഭാഗത്തിന്റെ വാദവും പ്രതികൾക്ക് പറയാനുള്ളതും കേട്ട ശേഷമാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്.
കേസിൽ ആകെ 15 പ്രതികളിൽ ഒന്ന് മുതൽ എട്ടുവരെ പ്രതികൾ കൃത്യത്തിൽ നേരിട്ട് പങ്കാളികളായതിന്റെ അടിസ്ഥാനത്തിൽ കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.
2021 ഡിസംബർ 19ന് ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷന് സമീപത്തെ വീട്ടിൽ വെച്ചായിരുന്നു ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിലായിരുന്നു അരുംകൊല. തലേദിവസം രാത്രി മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ടതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് രഞ്ജിത്തും കൊല ചെയ്യപ്പെടുന്നത്.