കളമശേരി സ്ഫോടനം മരണ സംഖ്യ ആറായി
കൊച്ചി: കളമശേരി സ്ഫോടനത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ ആറായി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരൻ പ്രവീണാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു മലയാറ്റൂർ സ്വദേശി പ്രവീൺ. പ്രവീണിന്റെ അമ്മ മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ കഴിഞ്ഞ 11നാണ് മരിച്ചത്. സ്ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചിരുന്നു. സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേരാണ് ഇതോടെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയിൽ വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകളാണ് പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെടുത്തത്. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കണ്ടെത്തിയത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.
ഒക്ടോബർ 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്‌ഫോടനമുണ്ടായത്. അതേസമയം കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ വീണ്ടും റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോട മാർട്ടിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. അഭിഭാഷകൻ വേണ്ടെന്ന് വീണ്ടും ഡൊമിനിക് മാർട്ടിൻ കോടതിയിൽ ആവർത്തിച്ചു. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതോടെ പ്രതിയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് ഇയാളെ റിമാൻഡ് ചെയ്തത്.