കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനം
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനം. കെഎസ്ഇബി ഓഫിസുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ശബ്ദം കൂടി റെക്കോര്‍ഡ് ചെയ്യാന്‍ പറ്റുന്ന സംവിധാനമാണ് സ്ഥാപിക്കുക.
തിരുവമ്പാടി ആക്രമണമടക്കം ചൂണ്ടിക്കാട്ടിയാണ് ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാനുള്ള നടപടിയിലേക്ക് കെഎസ്ഇബി കടക്കുന്നത്. നേരത്തേ തന്നെ പല ഓഫീസുകളിലും സിസിടിവിയുണ്ടെങ്കിലും പുതിയ മാനദണ്ഡപ്രകാരം എല്ലാ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനാണ് തീരുമാനം. ആദ്യം സെക്ഷന്‍ ഓഫീസുകളിലാണ് ക്യാമറ സ്ഥാപിക്കുക. പൊതുജനങ്ങളുമായി ഏറ്റവുമധികം സമ്പര്‍ക്കമുണ്ടാകുന്ന ഫ്രണ്ട് ഓഫീസ്, ക്യാഷ് കൗണ്ടര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലെല്ലാം സിസിടിവി സ്ഥാപിക്കും. ഇതിനോടൊപ്പം തന്നെ ഇലക്ട്രിക്കല്‍ സബ് ഡിവിഷനല്‍ ഓഫീസുകളിലും ഇലക്ട്രിക്കല്‍ ഡിവിഷനല്‍ ഓഫീസുകളിലും സര്‍ക്കിള്‍ ഓഫീസുകളിലും റീജിയണല്‍ ഓഫീസുകളിലുമുള്‍പ്പടെ ക്യാമറകളുണ്ടാകും.
ഡിസ്‌കണക്ഷന്റെ പേരിലും മറ്റും ജനങ്ങളെത്തി കെഎസ്ഇബി ഓഫീസുകളില്‍ പ്രശ്നമുണ്ടാക്കുന്നതിന്റെ പേരിലാണിപ്പോള്‍ കെഎസ്ഇബി നടപടിയെടുക്കാനൊരുങ്ങുന്നത്. സിസിടിവി സ്ഥാപിക്കുമ്പോള്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനമുണ്ടാകണമെന്നും കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം.