ഹരീഷ് റാണയുടെ ദയാവധ ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി
ന്യൂഡല്‍ഹി: ഹരീഷ് റാണയുടെ ദയാവധ ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി. ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് അടങ്ങിയ ബെഞ്ചാണ് ദയാവധത്തിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള ഉത്തരവുകള്‍ക്ക് അനുമതി നിഷേധിച്ചത്.
പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയായിരുന്ന റാണ തന്റെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയില്‍ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. 2013 മുതല്‍ കിടപ്പിലായ റാണ കഴിഞ്ഞ 11 വര്‍ഷമായി പ്രതികരിച്ചിട്ടില്ല. ദയാവധം നടത്തുന്നതിനായി ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് റാണയുടെ മാതാപിതാക്കളാണ് ഹൈകോടതിയെ സമീപിച്ചത്. മുറിവുകള്‍ ആഴമേറിയതിനാല്‍ പലപ്പോഴും അണുബാധയുണ്ടാവുന്നുണ്ട്. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രായമായതിനാല്‍ അവനെ പരിപാലിക്കാന്‍ കഴിയില്ലെന്നും റാണയുടെ മാതാപിതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ റാണയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കോടതി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതീക്ഷയറ്റ നിലയിലാണ് റാണയുടെ മാതാപിതാക്കള്‍. രോഗിയെ വേദനയില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും മോചിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍പ്പോലും ഏതെങ്കിലും മാരകമായ മരുന്ന് നല്‍കി ദയാവധം അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.