കര്‍ഷകരുടെ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം
ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്കുള്ള കര്‍ഷകരുടെ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതരം പ്രയോഗിച്ചു. കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് ശ്രമം. വന്‍തോതില്‍ പൊലീസിനെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.
ഇന്ന് രാവിലെയാണ് കര്‍ഷകര്‍ 'ദില്ലി ചലോ' മാര്‍ച്ചിന് തുടക്കം കുറിച്ചത്. കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പഞ്ചാബിലെ ഫത്തേഗഡില്‍ നിന്ന് രാവിലെ 10ന് സമരം തുടങ്ങിയത്. എല്ലാ ഉല്‍പന്നങ്ങള്‍ക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരാവിഷ്‌കരിക്കുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുക, സ്വതന്ത്ര വ്യാപാര കരാര്‍ റദ്ദാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക സമരം.
കടുത്ത നടപടികളാണ് ഡല്‍ഹി, ഹരിയാന പൊലീസ് കര്‍ഷകറാലിയെ നേരിടാന്‍ കൈക്കൊള്ളുന്നത്. ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുടെ പ്രവേശനം നിരോധിച്ചു. തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍, ചുടുകട്ടകള്‍, കല്ലുകള്‍, പെട്രോള്‍, സോഡാ കുപ്പി എന്നിവയും കൈയില്‍ കരുതാന്‍ പാടില്ല. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂര്‍, ബദര്‍പൂര്‍ എന്നിവിടങ്ങളില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. യാത്ര തടയാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കോണ്‍ക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിരിക്കുകയാണ്.
ഹരിയാന സര്‍ക്കാര്‍ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. മെസേജുകള്‍ അയക്കുന്നതിനും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് ഇന്ധന വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് പരമാവധി 10 ലിറ്റര്‍ മാത്രം ഇന്ധനം വിറ്റാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.