For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംസ്ഥാനത്ത് നാളെ 1 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വിര ഗുളിക വിതരണം ചെയ്യും

02:11 PM Feb 07, 2024 IST | Online Desk
സംസ്ഥാനത്ത് നാളെ 1 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വിര ഗുളിക വിതരണം ചെയ്യും
Advertisement

തിരുവനന്തപുരം: വിരബാധയില്‍ നിന്നു കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. കുട്ടികളില്‍ വിളര്‍ച്ചക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി വരുന്നു.

Advertisement

ഈ വര്‍ഷം ഫെബ്രുവരി 8നാണ് വിരവിമുക്ത ദിനമായി ആചരിക്കുന്നത്. ആ ദിവസം സ്‌കൂളുകളിലെത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും സ്‌കൂളുകളിലെത്താത്ത 1 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴിയും ഗുളിക നല്‍കുന്നതാണ്. എന്തെങ്കിലും കാരണത്താല്‍ ഫെബ്രുവരി 8ന് ഗുളിക കഴിക്കുവാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് ഗുളിക നല്‍കുന്നതാണ്. എല്ലാവരും കുട്ടികള്‍ക്ക് വിര നശീകരണ ഗുളിക നല്‍കിയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ്സ് വരെയുള്ള 64% കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വിര നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. ഈ വര്‍ഷം 1 മുതല്‍ 19 വയസ് വരെയുള്ള 77,44,054 കുട്ടികള്‍ക്ക് ഗുളിക നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. 1 മുതല്‍ 2 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മി.ഗ്രാം) 2 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും (400 മി.ഗ്രാം) ആണ് നല്‍കുന്നത്. ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ച് നല്‍കണം. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല. ഗുളിക കഴിച്ചതിന് ശേഷം സാധാരണയായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ല. എന്നാല്‍ വിരയുടെ തോത് കൂടുതലുള്ള കുട്ടികളില്‍ ഗുളിക കഴിക്കുമ്പോള്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായേക്കാം.

ജില്ലാ ഭരണകൂടം, തദ്ദേശസ്വയം ഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവര്‍ഗ വികസനം തുടങ്ങിയ വകുപ്പുകള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി സംയോജിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്കാവശ്യമായ ആല്‍ബന്‍ഡസോള്‍ ഗുളിക എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്.

Author Image

Online Desk

View all posts

Advertisement

.