'കേരളം' വിൽക്കാനുണ്ട്;
പത്രപ്പരസ്യം നൽകി സർക്കാർ
തിരുവനന്തപുരം: കേരളത്തിന്റെ പൊതുമേഖലാ സ്ഥാപന ഭൂമി വിൽപ്പനയ്ക്കുണ്ടെന്ന് കാട്ടി വിദേശ പത്രങ്ങളിൽ സർക്കാരിന്റെ പരസ്യം. ട്രാവൻകൂർ സിമന്റ്സിന്റെ 113 ആർ ഭൂമി വിൽക്കാനുള്ള പരസ്യമാണ് ചൊവ്വാഴ്ച ഗൾഫ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്. കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നുവെന്ന് ആരോപിച്ച് തെരുവിൽ അക്രമ പ്രക്ഷോഭവും മനുഷ്യച്ചങ്ങലയും തീർക്കുന്ന ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ഇത്തരമൊരു പത്രപ്പരസ്യം പ്രത്യക്ഷപ്പെട്ടതെന്നതാണ് ശ്രദ്ധേയം.
കേരള സർക്കാരിന്റെ കീഴിൽ കോട്ടയം ജില്ലയിലെ നാട്ടകത്ത് പ്രവർത്തിക്കുന്ന ട്രാവൻകൂർ സിമന്റ്സിന്റെ എറണാകുളത്തെ ഭൂമിയാണ് വിൽക്കുന്നതിനായി മാനേജിങ് ഡയറക്ടറുടെ പേരിലാണ് പരസ്യം. നൽകിയിരിക്കുന്നത്. സ്ഥാപനത്തിന്റെ കാക്കനാടുള്ള കണ്ണായ ഭൂമി വിൽക്കുന്നതിനായി ആഗോള ടെണ്ടറും ലേലവും ക്ഷണിച്ചുകൊണ്ടുള്ളതാണ് പരസ്യം. എറണാകുളം ജില്ലയിൽ ഭൂമിക്ക് ഏറ്റവും വിലപിടിപ്പുള്ള പ്രദേശമാണ് കാക്കനാട്. കൂടതൽ വിവരങ്ങൾക്കായി സർക്കാരിന്റെ ഇ ടെണ്ടർ വെബ്സൈറ്റ് സന്ദർശിക്കണമെന്നും ഈമാസം 29-നാണ് അപേക്ഷിക്കേണ്ട അവസാന തീയതിയെന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചില മലയാളം പത്രങ്ങളിലും ഇതേ പരസ്യം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം, ഈ ഭൂമി വിൽക്കുന്നതിന് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.