ദിവ്യയെ പുറത്താക്കിയത്, ജനങ്ങളുടെ സമ്മർദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും ഭയന്ന് ; വിഡി സതീശൻ
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീന്റെ ആത്മഹത്യയിൽ ദിവ്യ ചെയ്തതിനേക്കാൾ ക്രൂരതയാണ് സിപിഐഎം ആ കുടുംബത്തോട് ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവീന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയെ പുറത്താക്കിയത് തിരഞ്ഞെടുപ്പ് പ്രമാണിച്ചാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. യാത്രയയപ്പു ചടങ്ങിൽ ദിവ്യ കടന്നു വരുന്നത് ജില്ലാ കളക്ടർക്കു തടയാമായിരുന്നെന്നും എഡിഎമ്മിന്റെ മരണത്തിൽ കലക്ടർക്ക് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നവീൻ ബാബുവിനെതിരായ അഴിമതിക്കഥ സിപിഐഎം കെട്ടിച്ചമച്ചതാണ്. 'തിരഞ്ഞെടുപ്പും ജനങ്ങളുടെ സമ്മർദവും കാരണമാണ് ദിവ്യയെ പുറത്താക്കാൻ പാർട്ടി നിർബന്ധിതമായത്. ആദ്യം പാർട്ടി ജില്ലാ പ്രസിഡന്റിനെ സംരക്ഷിക്കാൻ നോക്കി. അവസാനം നിൽക്കകള്ളിയില്ലാതായപ്പോൾ മാത്രം പുറത്താക്കി. അതേസമയം നവീൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് കള്ളം പറഞ്ഞു. അഴിമതിക്കാരനാക്കി തേജോവധം ചെയ്തു.ആരോപണം ഉന്നയിച്ചയാളും മറ്റൊരു സംരഭകനും ചെയ്‌ത ഫോൺ കോളിൽ നിന്നും നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് മനസിലാകും. കുടുംബത്തെയും തലമുറകളെയും അധിക്ഷേപിച്ചതിന് സിപിഎം കുടുംബത്തോടും നാടിനോടും മാപ്പ് ചോദിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.
നവീൻ ബാബുവിൻ്റെ മരണവിവരം അറിഞ്ഞയുടനെ പത്തനംതിട്ടയിലെയും കണ്ണൂരിലെയും ഗസറ്റഡ് അസോസിയേഷനോടും എൻജിഒകളോടും അന്വേഷിച്ചെന്നും അദ്ദേഹം പാർട്ടി കുടുംബമാണ് അഴിമതിക്കാരനല്ലെന്ന വിവരമാണ് ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. നേതാവിനെ രക്ഷിക്കാൻ വേണ്ടി പാർട്ടി കുടുംബത്തിൽ പോലും നീതിക്കാണിക്കാത്ത പാർട്ടിയാണ് സിപിഐഎമ്മെന്നും അദ്ദേഹം ആരോപിച്ചു.