Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഓർമ്മയുണ്ടോ കവി അയ്യപ്പനെ?

10:43 AM Oct 21, 2024 IST | Online Desk
Advertisement

ടി വിപുരം രാജു

Advertisement

അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന വാക്കുകൾക്ക് അഗ്നിയാകുവാൻ കഴിയുമെങ്കിൽ ആ തീ ഒരുക്കലിന്റെ കാവലാളായിരുന്നു അയ്യപ്പൻ എന്ന കവി. കവിത എന്ന് പറയുവാൻ കഴിയുമോ എന്ന് അറിയില്ല, കാരണം കവിയെന്ന വാക്ക് ചേർത്ത് വിളിച്ചാൽ അയ്യപ്പൻ കരണത്തടിക്കാൻ വരുമായിരുന്നു. മനുഷ്യജന്മത്തിന്റെയും സാധാരണ വഴികളോട് വിടചൊല്ലി ജീവിച്ച ആളായിരുന്നു അദ്ദേഹം. കലാകാരന് ചില കടമകൾ ഉണ്ടെന്നും എഴുത്തുകാരന് സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്നും ഒക്കെയുള്ള ആചാര്യ വചനങ്ങളെ ഒരിക്കലും അംഗീകരിക്കാതെ സ്വന്തം കവിതയും സ്വന്തം വഴികളും തേടി അയ്യപ്പൻ. ചുറ്റും നിൽക്കുന്നവരിൽ ആരെയെങ്കിലും കെട്ടിപ്പുണരും എന്നോ തട്ടി വീഴുമെന്നോ ഉള്ള ചിന്ത അയ്യപ്പന്റെ മനസ്സിൽ മരണം വരെ കടന്നു കയറിയില്ല. അത്തരമൊരു ബന്ധത്തിൽപ്പെടരുത് എന്ന് കരുതിയാകാം അയ്യപ്പൻ കവിതകൾ പടർന്നു പന്തലിച്ചപ്പോഴും തെരുവോരങ്ങളെ തറവാട് ആയി കാണാൻ അദ്ദേഹം ഇഷ്ടപ്പെട്ടത്.

നിർവചിക്കാനാവാത്ത അപൂർവ്വതകളുടെ അരങ്ങും
അണിയറയും സമന്വയിച്ച മനസ്സായിരുന്നു അയ്യപ്പന്റേത്. മാതാപിതാക്കളെ പരിലാളനകൾ നഷ്ടപ്പെട്ട സഹോദരങ്ങളുടെ പരിചരണം അന്യമായ ജീവിതയാത്രയാണ് അയ്യപ്പൻ നടത്തിയത്. അനാഥത്വം നിരന്തരം മുറിവേൽപ്പിച്ചപ്പോൾ എല്ലാ കാഠിന്യങ്ങളും മനസ്സിന് ആയാസരഹിതമായി. ഉരുകി തീരുന്ന മെഴുകുതിരി ഒടുവിൽ ഉരുകിവീണ മെഴുകിൽ വീണ്ടും ജ്വലിക്കുന്നത് പോലെ രാപ്പകലുകൾ മാറിമാറി പോകുമ്പോൾ മനസ്സിന്റെ പ്രച്ഛന്നവേഷങ്ങളെ അക്ഷരങ്ങളായി കൊരുത്ത് കവിതയോ അക കവിതയോ ആയി കടലാസിൽ പതിച്ച അത്ഭുതമായിരുന്നു അയ്യപ്പൻ. ഉലയിൽ വെന്തു നീറുന്ന കമ്പിയെപ്പോലെ ജീവിതം എരിയുമ്പോഴും പ്രണയത്തിന്റെ ബഹുഭാവ തലങ്ങളെ പകർത്തി വെച്ചു. "കരളു പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ" എന്ന ആത്മവിലാപം അയ്യപ്പനെ അറിയാവുന്നവരുടെ മനസ്സുകളെ കീറിമുറിച്ചിട്ടുണ്ട്. ആശാൻ സ്മാരക പുരസ്കാരം സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങിയവ അയ്യപ്പന്റെ അർഹതയ്ക്കുള്ള അംഗീകാരം ആയിരുന്നു. യുവതലമുറയിലെ കാവ്യാസ്വാദകരിൽ അണയാത്ത കനലായി ഇന്നും മിന്നി നിൽക്കുന്നുണ്ട് അയ്യപ്പന്റെ ഈണം തെറ്റിയ വരികൾ.
2010 ഒക്ടോബർ മാസം 21ന് തന്റെ ജീവിതവും മനസ്സും ചിന്തയും വിശ്വാസവും എല്ലാം പോലെ തിരുവനന്തപുരത്തെ തമ്പാനൂരിൽ തെരുവോരത്ത് ഉറങ്ങുകയായിരുന്ന അയ്യപ്പനെയാണ് ആളുകൾ കണ്ടത്. പതിവിന് വിപരീതമായി ഒന്നു മാത്രം.. അയ്യപ്പന്റെ ഹൃദയം നിശ്ചലമായിരുന്നു.

Tags :
Entertainment
Advertisement
Next Article