Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്

11:11 AM Feb 08, 2024 IST | Veekshanam
Advertisement

ദികളില്‍ നിന്ന് മണല്‍ വാരി വില്‍പന നടത്താനുള്ള ബജറ്റ് നിര്‍ദ്ദേശം കേരളത്തിലെ നദീതീരങ്ങളില്‍ മണല്‍ക്കൊള്ള സജീവമാക്കും. മണല്‍വാരല്‍ വ്യാപകമാകുന്നതോടെ ലോറികളുടെ മത്സരഓട്ടങ്ങളും അപകടങ്ങളും വര്‍ധിക്കും. നേരായ രീതിയില്‍ മണല്‍വാരി ഉപജീവനം കഴിച്ചിരുന്ന നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളെയാണ് മണല്‍ നിരോധനം വഴിയാധാരമാക്കിയത്. മാഫിയകള്‍ ഈ രംഗത്ത് പിടിമുറുക്കിയതോടെയാണ് മണല്‍ വാരലിനും കടത്തിനും ക്രിമിനല്‍ സ്വഭാവം കൈവന്നത്.
മണല്‍ വാരല്‍ നിരോധനം നിര്‍മാണരംഗത്ത് വന്‍ സ്തംഭനമാണ് സൃഷ്ടിച്ചത്. പാറപ്പൊടി വഴി കുറെയൊക്കെ പരിഹരിക്കാന്‍ സാധിച്ചിരുന്നു. 2016ല്‍ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് കേരളത്തിലെ നദികളില്‍ നിന്ന് മണല്‍വാരല്‍ നിരോധിച്ചത്. ഈ നിരോധനം നീക്കുന്നതോടെ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ വരുമാനവും വര്‍ധിക്കും. നിയമം പാലിക്കാതെയുള്ള മണല്‍വാരല്‍ പരിസ്ഥിതിക്കും നദിയിലെ നീരൊഴുക്കിനും തടസ്സം സൃഷ്ടിക്കും. ഭാരതപ്പുഴയെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ക്രമാതീതമായ മണല്‍ വാരല്‍ നദിയുടെ ജലസമൃദ്ധിക്കും ജലസമ്പത്തിനും പ്രതികൂല അവസ്ഥ സൃഷ്ടിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മണല്‍വാരല്‍ അനുവദിക്കാന്‍ നിരവധി തൊഴിലാളി സംഘടനകളും രംഗത്തുണ്ടായിരുന്നു. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും പ്രക്ഷോഭമാരംഭിച്ചപ്പോള്‍ പുഴയോരങ്ങള്‍ സംഘര്‍ഷ മേഖലകളായി. നാലുവര്‍ഷം മുമ്പുണ്ടായ പ്രളയം കാരണം 2023 ല്‍ മണല്‍ വാരാനും നദികളുടെ ആഴം വര്‍ധിപ്പിക്കാനും താല്‍ക്കാലിക അനുവാദം ലഭിച്ചിരുന്നു. പുഴകളില്‍ അമിതമായ തോതില്‍ മണല്‍ അടിഞ്ഞ് കൂടിയതാണ് പ്രളയത്തിന് കാരണമെന്ന അഭിപ്രായം ശക്തമായിരുന്നുവെങ്കിലും ഇത് ശാസ്ത്രീയമായി ശരിയല്ല എന്ന നിഗമനത്തിലെത്തിയ വിദഗ്ധന്മാരുമുണ്ട്. മണലിന്റെ അഭാവം പുഴയില്‍ വെള്ളം നില്‍ക്കാതെ കടലിലേക്ക് ഒഴുകിപോകുന്നതും ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞതുമാണ് ജലക്ഷയത്തിന് പ്രധാന കാരണം. കേരളത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷംതോറും 65 ലക്ഷം ഘനമീറ്റര്‍ മണല്‍ ആവശ്യമാണ്. നേരത്തെ 75 ലക്ഷം ഘനമീറ്റര്‍ വരെ മണല്‍ ഖനനം ചെയ്യാമായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇതിന് നിയന്ത്രണം വന്നപ്പോള്‍ ഖനനം 42 ലക്ഷം ഘനമീറ്ററായി കുറച്ചു. ഇതോടെ മണല്‍വില കുത്തനെ ഉയരുകയും കരിഞ്ചന്ത വ്യാപകമാവുകയും ചെയ്തു. മണല്‍ തൊഴിലാളികളോടുള്ള സ്‌നേഹംകൊണ്ടല്ല സര്‍ക്കാര്‍ മണല്‍ വാരലിന് അനുമതി നല്‍കുന്നത്. എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മണല്‍ ഖനനം ചെയ്യാനുള്ള അനുവാദം ലഭ്യമാകുന്നത്. എംസാന്റ് പോലുള്ള കൃത്രിമ വസ്തുക്കള്‍ വ്യാപകമായിരിക്കയാണ്. ഇത് ക്വാറി മാഫിയകളുമായുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുപോലും മണല്‍ എത്തിച്ചായിരുന്നു കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ഇരുനൂറ് കോടി രൂപയുടെ മണല്‍ പ്രതിവര്‍ഷം നദികളില്‍ നിന്ന് വാരിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കേരളത്തിലെ പതിനേഴ് നദികളില്‍ മണല്‍ നിക്ഷേപം കണ്ടെത്തിയെങ്കിലും ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടിപ്പുഴ എന്നിവിടങ്ങളില്‍ നിന്നായിരിക്കും ആദ്യം മണല്‍വാരാന്‍ അനുമതി നല്‍കുക. നേരത്തെ കേരളത്തിലെ മിക്ക നദികളില്‍ നിന്നും മണല്‍ വാരിയിരുന്നു. മണല്‍ ചൂഷണം വര്‍ധിക്കുകയും ഇതിന്റെ മറവില്‍ അഴിമതി വ്യാപകമാവുകയും ചെയ്തതോടെയാണ് ഹൈക്കോടതി മണല്‍വാരല്‍ നിരോധിച്ചത്. മണലിന്റെ പാരമ്പര്യ സ്രോതസ്സായ നദികള്‍ നശിക്കാതെ സൂക്ഷിക്കേണ്ടത് ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ കടമയാണ്.നദികള്‍ക്ക് പേറാന്‍ സാധിക്കുന്നതിലധികം മണല്‍ ഊറ്റുന്നത് അവര്‍തന്നെ തടയണം. മണല്‍ വ്യാപാര മേഖലയിലെ അഴിമതികള്‍ക്കും ക്രമക്കേടുകള്‍ക്കും തൊഴിലാളികള്‍ കൂട്ടുനില്‍ക്കരുത്. താല്‍ക്കാലികമായി ലഭിക്കുന്ന സാമ്പത്തികലാഭത്തിന് വേണ്ടി നദികളെ നശിപ്പിക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമാണ്. സര്‍ക്കാരിന് വരുമാനത്തില്‍ മാത്രമാണ് നോട്ടം. തൊഴിലാളികള്‍ ഭാവി ജീവിതത്തെ കൂടി ഓര്‍ക്കേണ്ടതായുണ്ട്.

Advertisement

Advertisement
Next Article