കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാമെന്ന് കരുതേണ്ട: രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയെന്ന് ആരോപിച്ച് നിരപരാധികളായ പ്രവർത്തകർക്കെതിരെ കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാമെന്ന് കരുതേണ്ടെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോൺഗ്രസിന് ഇല്ലെന്നും കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് മുന്നിൽ സംഘടന പ്രതിരോധം തീർക്കില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല, വിളിച്ചാൽ നെഞ്ചുവേദന വരില്ലെന്നും പിണറായി വിജയന് പ്രസംഗിക്കാനുള്ള ഒരു വിഷയം മാത്രമായി കേസ് മാറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. നാലു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏഴ് ലക്ഷത്തി അറുപത്തയ്യായിരത്തോളം ചെറുപ്പക്കാര്‍ വോട്ടെടുപ്പില്‍ പങ്കാളികളായ വിശാലമായ തിരഞ്ഞെടുപ്പില്‍ ഏതൊരു അന്വേഷണവും അന്വേഷണ ഏജന്‍സികള്‍ക്ക് നടത്താം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. അന്വേഷണത്തെ ഒരു തരത്തിലും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നില്ല. അന്വേഷണത്തിന് പിന്നിലെ രാഷ്ട്രീയത്തെ ശക്തമായി തന്നെ പ്രതിരോധിക്കും. ചില മാധ്യമങ്ങളുടെ സഹായത്തോടെ പുതിയ യൂത്ത് കോണ്‍ഗ്രസിന്റെ കമ്മിറ്റിയെ ആക്ഷേപിക്കാന്‍ പറ്റുമോയെന്ന് ശ്രമിക്കുകയാണ് പിണറായി വിജയനും പാര്‍ട്ടിക്കാരും. ഇതിന് സുരേന്ദ്രന്റെ എല്ലാ വിധ പിന്തുണയുമുണ്ടെന്നും രാഹുൽ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കില്ല. കേരളത്തിലെ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള ബന്ധത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ല. എഎ റഹീമിന്റെ കയ്യില്‍ തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെ. എഎ റഹീമിന്റെ കവചം യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് വേണ്ട. ഹാക്കറുമായി ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസ് നേതാവിന് ബന്ധമുണ്ടെങ്കില്‍ ചേര്‍ത്ത് പിടിക്കില്ല. ഏത് യൂത്ത് കോണ്‍ഗ്രസ് നേതാവുമായാണ് ഹാക്കർക്ക് ബന്ധമെന്നുള്ളത് എന്നതിൻ്റെ തെളിവ് പുറത്തുവിടട്ടെ. അദ്ദേഹം ആരോപണം ഉന്നയിച്ച ആളുകള്‍ നിയമ നടപടുകളുമായി മുന്നോട്ട് പോവുകയാണെന്ന് അറിയിച്ചിട്ടുണ്ട് എനിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ നിയമനപടികളുമായി മുന്നോട്ട് പോകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പിണറായി വിജയന്‍ നടത്തുന്ന സര്‍ക്കാര്‍ സ്‌പോണ്‍സേഡ് 140 ഏരിയ സമ്മേളനങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതടക്കമുള്ള വിഷയങ്ങള്‍ വരുമ്പോള്‍ നാറിനാണംകെട്ട് നില്‍ക്കുകയല്ലെ മുഖ്യമന്ത്രി. മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന പിണറായി വിജയന്റെ മുഖം രക്ഷിക്കാന്‍ വേണ്ടി യൂത്ത് കോണ്‍ഗ്രസിനെ തോണ്ടി നോക്കാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ തെറ്റിപ്പോയി. നിങ്ങള്‍ നടത്തുന്ന ഏതൊരു അന്വേഷണത്തോടും സഹകരിക്കും. ഏതൊരു അന്വേഷണവുമായി മുന്നോട്ട് പോകാം. അതേസമയം നിങ്ങള്‍ ചെയ്യുന്ന രാഷ്ട്രീയ കൊള്ളരുതായ്മകള്‍ക്കെതിരായി അതിശക്തമായി തന്നെ കേരളത്തിലെ തെരുവോരങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ഉണ്ടാകും. ഒരു കേസുകൊണ്ടു പ്രതിരോധിക്കാമെന്ന് വിചാരിക്കേണ്ടെന്നും രാഹുൽ പ്രതികരിച്ചു.
ഈ വിഷയത്തിൽ പൊലീസ് നോട്ടീസ് നൽകിയോ എന്ന ചോദ്യത്തിന്, ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കിട്ടിയാല്‍ സഹകരിക്കും. ആരെങ്കിലും ഒളിവിലുണ്ടോയെന്ന് അറിയില്ല. പരാതി ലഭിച്ചത് അംഗത്വവുമായി ബന്ധപ്പെട്ട് മാത്രമാണ്. എഐസിസി നേതൃത്വത്തിന് ലഭിച്ച പരാതിയെ കുറിച്ച് അറിയില്ല. മറ്റു പരാതികളെ കുറിച്ചും അറിയില്ലെന്ന് രാഹുൽ വ്യക്തമാക്കി.