ആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള ഷൂസ് എറിയരുത്: രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട്: നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തിൽ സർക്കാറിനെതിരെ പരിഹാസവുമായ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള സാധനം എറിയേണ്ടതില്ല. കാരണം പാദങ്ങള്‍ സംരക്ഷിക്കുന്നതിന് ഷൂസ് നമുക്ക് ആവശ്യമുള്ള സാധനമാണ്. ആവശ്യമില്ലാത്ത ആള്‍ക്കെതിരേ ആവശ്യമുള്ള സാധനം വലിച്ചെറിയാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. പൊതിച്ചോറ് പരിപാടിയുടെ മറവില്‍ ഡിവൈഎഫ് നടത്തി വരുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനമെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. നൂറ് കണക്കിന് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അതിന്റെ മറവില്‍ ഡിവൈഎഫ്‌ഐ നടത്തിയതെന്നും ഒരു പരസ്യ സംവാദത്തിന് ഡിവൈഎഫ്‌ഐയെ വെല്ലുവിളിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ പരിപാടിയിലൂടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കൊവിഡ് കാലത്ത് ഏറ്റവും മികച്ച സന്നദ്ധ പ്രവര്‍ത്തനം ചെയ്തത് യൂത്ത് കോണ്‍ഗ്രസാണെന്നും രാഹുൽ വ്യക്തമാക്കി. ആർ. ഷഹിൻ പ്രസിഡന്റായ പുതിയ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ചുമതലയേറ്റെടുക്കൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.