'രാധാ-മാധവ ബന്ധത്തെ അശ്ലീലവത്കരിക്കരുത്' :ഫോട്ടോഷൂട്ടിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട് നടി തമന്ന
ചെന്നൈ: 'രാധ' ഫോട്ടോഷൂട്ടിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി നടി തമന്ന ഭാട്ടിയ. രാധയെ ലൈംഗികവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന കമന്റുകളില്‍ ഏറെയും. ഇതേത്തുടര്‍ന്ന്, തമന്നക്ക് സമൂഹമാധ്യമങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ടിവന്നു.
'ലീല: ദ ഡിവൈന്‍ ഇല്യൂഷന്‍ ഓഫ് ലവ് ' എന്ന പേരിലുള്ള ഫോട്ടോഷൂട്ടിലാണ് തമന്ന ഭാട്ടിയ ഹിന്ദുപുരാണത്തിലെ ശ്രീകൃഷ്ണന്റെ പത്‌നി രാധയായി വേഷമിട്ടത്. ഫാഷന്‍ ഡിസൈനര്‍ കരണ്‍ തൊറാനിയാണ് തമന്നക്കായി വസ്ത്രാലങ്കാരം ഒരുക്കിയത്.
ഈ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് തമന്ന തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവെച്ചത്. എന്നാല്‍, രാധയെ അശ്ലീലവത്കരിക്കുകയാണ് തമന്നയുടെ വസ്ത്രധാരണത്തിലൂടെയെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു. 'നിങ്ങളുടെ കച്ചവടതാല്‍പര്യത്തിന് വേണ്ടി രാധാ-മാധവ ബന്ധത്തെ അശ്ലീലവത്കരിക്കരുത്' -എന്നായിരുന്നു ഒരു കമന്റ്. സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതാണ് രാധയായെത്തിയ തമന്നയുടെ വസ്ത്രധാരണമെന്നും ഇത് രാധാ സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്നും പലരും ചൂണ്ടിക്കാട്ടി.വിമര്‍ശനം വ്യാപകമായതോടെ തമന്നയും തൊറാനിയും ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കമന്റുകള്‍ നിയന്ത്രിക്കുകയും ചെയ്തു.