ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം
ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവിന് സ്റ്റേ. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതിയാണ് ഡോ. റുവൈസ്. പഠനം തുടരാനായില്ലെങ്കിൽ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകും. ഒരാഴ്ചയ്ക്കകം പുനപ്രവേശനം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. അനിഷ്ട സംഭവങ്ങൾ കോളജ് അധികൃതർ തടയണമെന്നും നിർദ്ദേശമുണ്ട്.
ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നത്. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയിൽ റുവൈസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ടിൽ ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ ഉണ്ടെന്നും കണ്ടെത്തി. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വ്യാഴാഴ്ച പുലർച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്ന് ഡോ. റുവൈസിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.