Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാലക്കാട് സി.പി.എം നടത്തുന്ന നാടകം ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി: രമേശ് ചെന്നിത്തല

11:18 AM Nov 08, 2024 IST | Online Desk
Advertisement

മുക്കം: പാലക്കാട് സി.പി.എം നടത്തുന്ന നാടകം ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല മുക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ കളിച്ച് ഭരണവിരുദ്ധ വികാരം ചര്‍ച്ച ചെയ്യാതിരിക്കാനുള്ള ബോധപൂര്‍വമായ നീക്കണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ നാടകം പൊളിഞ്ഞു പോയതിന്റെ ദുഃഖത്തിലാണ് സി.പി.എം ഇപ്പോള്‍. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നാടകങ്ങള്‍ ഇവര്‍ കാണിക്കാറുണ്ട്. ഉമ തോമസ് മത്സരിച്ച തൃക്കാക്കരയില്‍ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ തെറ്റായ വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കിയില്ല എന്ന പ്രചരണമായിരുന്നു. ഇപ്പോള്‍ പാലക്കാട് പരാജയം ഉറപ്പായതോട് കൂടി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നുള്ള വെപ്രാളത്തിലാണ് ബാഗ് വിവാദവും രാത്രിയിലെ റെയ്ഡ് ഉള്‍പ്പെടെയുള്ള നാടകം നടത്താന്‍ സി.പി.എം തയാറായത്. ഇത് സി.പി.എം എല്ലാ തിരഞ്ഞെടുപ്പിലും സ്വീകരിക്കുന്ന നടപടികളാണ്. കഴിഞ്ഞ കുറെ കാലമായി ബി.ജെ.പിയും സി.പി.എം തമ്മിലുള്ള അന്തര്‍ധാര കേരളത്തില്‍ നിലനില്‍ക്കുകയാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അതിന്റെ ഭാഗമാണ്. തൃശ്ശൂര്‍ പൂരം കലക്കിക്കൊണ്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തവര്‍ തന്നെയാണ് പാലക്കാട് സി.പി.എമ്മിന്റെ വോട്ട് മറിച്ച് നല്‍കി ബി.ജെ.പിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നത്. ചേലക്കരയില്‍ തിരിച്ചു ബി.ജെ.പിയുടെ വോട്ടുകള്‍ സി.പി.എമ്മിന് നല്‍കും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന് സഹായകരമാകുന്ന രീതിയിലാണ് രാത്രി റെയ്ഡ് ഉള്‍പ്പെടെയുള്ള നാടകങ്ങള്‍ നടത്തിയത്. കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട സര്‍ക്കാരാണ് പിണറായി വിജയന്റേത്. സര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം നാടകങ്ങള്‍ സി.പി.എം നടത്തുന്നത്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തരായി ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ തയാറുണ്ടോയെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

Advertisement

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ അതേ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം തെറ്റുകള്‍ തിരുത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ തെറ്റുകള്‍ തിരുത്തിയിട്ടില്ല. ജനങ്ങള്‍ എതിരായി വോട്ട് ചെയ്യുമെന്നുള്ളത് കൊണ്ടാണ് സി.പി.എം രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്തത്. നരേന്ദ്ര മോദിക്കെതിരെയോ അമിത് ഷാക്കെതിരെയോ എന്തുകൊണ്ട് പിണറായി വിജയന്‍ വിമര്‍ശനം നടത്തുന്നില്ല. തനിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പിണറായി വിജയന്‍ ബി.ജെ.പിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പാലക്കാട് ബി.ജെ.പിയെ വിജയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags :
featuredkeralanewsPolitics
Advertisement
Next Article