For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്കിടെ കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

03:20 PM Dec 06, 2023 IST | Online Desk
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്കിടെ കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍
Advertisement
Advertisement

കോട്ടയം: സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ സ്മാര്‍ട്ട് റവന്യൂ ഓഫീസുകളുടെ നിര്‍മാണം/ നവീകരണം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ധനകാര്യവകുപ്പ് തുക അനുവദിച്ചത്. കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രമാണ് പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി.

പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയാണ് നിര്‍മിതി കേന്ദ്രത്തിന് ചുമതല നല്‍കിയിരിക്കുന്നത്. കളക്ടര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരമൊരുമാറ്റമെന്ന് റവന്യു വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ബംഗ്ലാവ് നവീകരണത്തിന്റെ നിര്‍വ്വഹന എജന്‍സിയായി പൊതുമരാമത്ത് വകുപ്പിനെ തിരഞ്ഞെടുത്തുകൊണ്ട് സെപ്തംബര്‍ എട്ടിന് റവന്യൂവകുപ്പ് ഉത്തരവിറക്കിയിരുന്നു.

എന്നാല്‍, നവംബര്‍ 15-ന് നിര്‍മിതി കേന്ദ്രത്തിന് നിര്‍മാണചുമതല കൊടുക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജന് കളക്ടര്‍ വി.വിഘ്‌നേശ്വരി കത്തയച്ചു. കളക്ടറുടെ ആവശ്യം പരിഗണിച്ചാണ് പൊതുമരാമത്ത് വകുപ്പിനെ നിര്‍മാണ ചുമതലയില്‍നിന്ന് മന്ത്രി കെ. രാജന്‍ ഒഴിവാക്കിയത്. തുടര്‍ന്ന് നിര്‍മിതി കേന്ദ്രയെ നിര്‍മാണചുമതല ഏല്‍പിച്ച് ഡിസംബര്‍ ഒന്നിന് റവന്യുവകുപ്പ് ഉത്തരവും ഇറക്കി.പൊതുമരാമത്ത് വകുപ്പിനെ വിശ്വാസമില്ലാത്ത കളക്ടറുടെ നടപടിയില്‍ മന്ത്രി മുഹമ്മദ് റിയാസ് അതൃപ്തനാണെന്നാണ് വിവരം.

അതേസമയം, 21 ലൈഫ് മിഷന്‍ വീടുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ തുകയ്ക്ക് ആനുപാതികമാണ് കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിനായി അനുവദിച്ച 85ലക്ഷം രൂപയെന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ലൈഫ് മിഷന്‍ നിര്‍മാണം നിലച്ചതോടെ ഒമ്പത് ലക്ഷം പേരാണ് വീടിനായി ക്യൂവില്‍ നില്‍ക്കുന്നത്. 717 കോടി രൂപ ബജറ്റില്‍ ലൈഫ് മിഷന് വകയിരുത്തിയെങ്കിലും വീട് നിര്‍മാണത്തിന് കൊടുത്തത് മൂന്നുശതമാനം മാത്രമാണ്.

Author Image

Online Desk

View all posts

Advertisement

.