ആലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീട് ഡിവൈഎഫ്ഐ-സിഐടിയു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
സാധനസാമഗ്രികള്‍ തല്ലിത്തകര്‍ത്തു; എം ജെ ജോബിന്റെ ഭാര്യയെ കയ്യേറ്റം ചെയ്തു
- യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും ക്രൂരമര്‍ദ്ദനം
ആലപ്പുഴ: നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് ആലപ്പുഴ ജില്ലയില്‍ വ്യാപക ആക്രമണം. കെപിസിസി ജനറല്‍ സെക്രട്ടറി എംജെ ജോബിന്റെ ആലപ്പുഴ കൈതവനയില്‍ വീട് അടിച്ചു തകര്‍ത്ത ഡിവൈഎഫ്ഐ- സിഐടിയു പ്രവര്‍ത്തകര്‍ ജോബിന്റെ ഭാര്യയെ കയ്യേറ്റം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ആലപ്പുഴ നഗരത്തില്‍ സംഘര്‍ഷം ഉടലെടുത്തത്. ആലപ്പുഴ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന് ശേഷം മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം അമ്പലപ്പുഴയിലേയ്ക്ക് പോകുമ്പോള്‍ ജനറല്‍ ആശുപത്രിയ്ക്ക് സമീപം വെച്ച് പ്രതിഷേധവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസും സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസും എത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഇരുവരേയും പിടികൂടുകയും വാഹനങ്ങള്‍ കടന്നു പോയ ശേഷം എ ഡി തോമസിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അംഗരക്ഷകര്‍ ഉള്‍പ്പടെ അഞ്ചോളം പൊലീസുകാര്‍ ലാത്തി കൊണ്ട് തലയ്ക്കും കാലിനും അടിച്ചു.കൂടെയുണ്ടായിരുന്ന അജയ് ജ്യുവലിനും ലാത്തിയടിയേറ്റു.
ഇതില്‍ പ്രതിഷേധിച്ചായിരുന്നു കൈതവന ജംഗ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. കുട്ടനാട് നിയോജക മണ്ഡലത്തിലേക്കുള്ള മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രയ്ക്കിടെ കൈതവനയില്‍ ബസിന് മുന്നില്‍ മൂന്ന് മിനിട്ടോളം യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടര്‍ന്നു. പൊലീസ് ഇവരെ പിടിച്ചു മാറ്റുന്നതിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പിന്നീട് പൊലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവശരാക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം പി പ്രവീണ്‍, സരുണ്‍റോയ്, അനന്തകൃഷ്ണന്‍, റഹീം വെറ്റക്കാരന്‍ തുടങ്ങിയവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇതേ സമയത്താണ് പത്തോളം വരുന്ന സിഐടിയു- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സമീപത്തെ കെപിസിസി ജനറല്‍ സെക്രട്ടറി എംജെ ജോബിന്റെ വീട്ടിലേയ്ക്ക് പാഞ്ഞടുക്കുകയും വീടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ജനലുകളും അടിച്ചു തകര്‍ത്തു. ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തെങ്കിലും അക്രമികളെ പിടികൂടിയിട്ടില്ല. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഡി സി സി പ്രസിഡന്റ് ബി ബാബുപ്രസാദ്, മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവര്‍ പ്രതിഷേധിച്ചു.