കട്ടാക്കടയിൽ പൊലീസ് സഹായത്തോടെ സിപിഎം- ഡിവൈഎഫ്ഐ ആക്രമണം,
25 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പരുക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ് അക്രമ കൊടുങ്കാറ്റോടെ സമാപനത്തിലേക്ക്. തലസ്ഥാന ജില്ലയിൽ വ്യാപകമായി അക്രമങ്ങൾ അഴിച്ചു വിട്ടാണ് സിപിഎം ജാഥയെ വരവേൽക്കുന്നത്. പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്നു ക്രൂരമായി മർദിച്ചു. ലാത്തി ചാർജിലും അക്രമങ്ങളിലുമായി ഇരുപത്തഞ്ചോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സാരമായി പരുക്കേറ്റു.
ഇന്നു രാവിലെ നവകേരള സദസിന്റെ പ്രാതൽ കഴിഞ്ഞു പുറത്തേക്കു വന്ന മുഖ്യമന്ത്രിയുടെ ആഡംബര വാഹനത്തിന്റെ മുന്നിലേക്കു ചാടി വീണ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവരെ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകർ മാരകായുധങ്ങളുമായി നേരിടുകയായരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവർക്കു സംരക്ഷണം നൽകി. പിരിഞ്ഞു പോയ യൂത്ത് കോൺഗ്രസ പ്രവർത്തകരെ പിന്തുടർന്നെത്തി മർദിച്ചതായി നേതാക്കൾ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൾ മണ്ഡലം പ്രസിഡന്റ് ഷുഹൈലിന്റെ വീട് കഴിഞ്ഞ ദിവസം രാത്രി സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു എന്ന് ആരോപിച്ചായിരുന്നു അക്രമം.