For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിനെ കോളജില്‍ നിന്ന് പുറത്താക്കി: അറസ്റ്റ് ചെയ്യുന്നതുവരെ സമരമെന്ന് യൂത്ത് കോണ്‍ഗ്രസ്

03:59 PM Feb 28, 2024 IST | Online Desk
ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിനെ കോളജില്‍ നിന്ന് പുറത്താക്കി  അറസ്റ്റ് ചെയ്യുന്നതുവരെ സമരമെന്ന് യൂത്ത് കോണ്‍ഗ്രസ്
Advertisement

Advertisement

പത്തനംതിട്ട: വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫിനെ ഒടുവില്‍ പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജില്‍ നിന്ന് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് മാനേജ്‌മെന്റ് തീരുമാനം. അതേസമയം, സുപ്രീംകോടതി മുന്‍ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സണെ അറസ്റ്റ് ചെയ്യാത്ത ആറന്മുള പൊലീസിനെതിരെ സമരം തുടരാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.നാടകീയ സംഭവങ്ങളാണ് കടമ്മനിട്ട മൗണ്ട് ലോ സിയോണ്‍ ലോ കോളേജില്‍ നടന്നത്. വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായിട്ടും ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫിനെ മാനേജ്‌മെന്റ് പുറത്താക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ സംരക്ഷണം കണക്കിലെടുത്ത് ജയ്‌സണെ ഉടനടി കോളേജില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ പൂട്ടിയിട്ടു. ആറന്മുള സിഐ ഉള്‍പ്പെടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറ്റിയില്ല. തുടര്‍ന്ന് പൂട്ടുപൊളിച്ചാണ് പൊലീസ് അകത്തുകയറിയത്. പ്രതിഷേധം ശക്തമാക്കിയ യൂത്ത് കോണ്‍ഗ്രസുകാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അടിച്ചുതകര്‍ത്തു.

പ്രതിഷേധം ശക്തമായതോടെ ജയ്‌സണെ പുറത്താക്കുമെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് എത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ ഫെബ്രുവരി ഒന്‍പതിന് ജയ്‌സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ജയ്‌സണെ ഇതുവരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ഡിസംബര്‍ 20 നാണ് മൗണ്ട് സിയോണ്‍ ലോ കോളേജില്‍ സംഘര്‍ഷമുണ്ടായത്. നിയമവിദ്യാര്‍ത്ഥിനിയെ സഹപാഠിയായ ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ആദ്യം പൊലീസ് കേസെടുത്തില്ല. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് മൂന്ന് ദിവസം വൈകി എഫ്‌ഐആര്‍ ഇട്ടത്. എന്നാല്‍ പരാതിക്കാരിക്ക് എതിരെ ആറന്മുള പൊലീസ് തുടര്‍ച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു.

Author Image

Online Desk

View all posts

Advertisement

.