For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഡിവൈഎഫ്‌ഐ നേതാവ് വി.വസീഫ് പ്രസിഡന്റായ ബാങ്കില്‍ വന്‍ ക്രമക്കേട്; കടലാസ് കമ്പനിയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടി

08:51 PM Nov 02, 2023 IST | Veekshanam
ഡിവൈഎഫ്‌ഐ നേതാവ് വി വസീഫ് പ്രസിഡന്റായ ബാങ്കില്‍ വന്‍ ക്രമക്കേട്  കടലാസ് കമ്പനിയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടി
Advertisement
  • ബാങ്ക് നഷ്ടത്തിലിരിക്കെ പ്രസിഡന്റിനായി 26 ലക്ഷത്തിന്റെ ആഡംബര കാര്‍

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പ്രസിഡന്റായ കോഴിക്കോട് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേടെന്ന് പരാതി. ഭരണസമിതിയുടെ അനുമതിയില്ലാതെ കോടികള്‍ വകമാറ്റിയെന്നും സ്ഥലം വാങ്ങിയെന്നും അനധികൃതമായി വായ്പ അനുവദിച്ചെന്നും ഓഹരിയുടമ സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ബാങ്ക് ഷെയര്‍ഹോള്‍ഡര്‍ തോട്ടുമുക്കം കൊല്ലോലത്ത് കെ.ബാലകൃഷ്ണനാണ് കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. കോസ്‌കോ വെഞ്ചേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നപേരില്‍ കടലാസ് കമ്പനിയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടി, കമ്മിഷന്‍ കിട്ടാനായി പലസ്ഥലത്തായി ഭൂമികള്‍വാങ്ങി, ബാങ്ക് നഷ്ടത്തിനാണെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിരിക്കേ പ്രസിഡന്റിനായി 26ലക്ഷം മുടക്കി ആഡംബര കാര്‍ വാങ്ങി തുടങ്ങിയവയാണ് പരാതിയില്‍ പറയുന്നത്. കാര്‍ഷിക കടാശ്വാസത്തിന്റെ പേരില്‍ ഡയറക്ടര്‍മാരും ബന്ധുക്കളും ആദായം കൈപ്പറ്റുകയും ആവശ്യമായ രേഖകളില്ലാതെ ലോണുകള്‍ സ്വന്തക്കാര്‍ സമ്പാദിച്ചതായും പരാതിയിലുണ്ട്. ലാഭത്തിലായിരുന്ന ബാങ്ക് 20 കോടിയിലേറെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതായി ചൂണ്ടിക്കാട്ടുന്ന ഓഡിറ്റ് റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.

Advertisement

1988ല്‍ സ്ഥാപിതമായ കൊടിയത്തൂര്‍ സഹകരണ ബാങ്കിന് ഇന്ന് ആറ് ശാഖകളും ഒരു ഡസനോളം സംരംഭങ്ങളുമുണ്ട്. എന്നാല്‍ ബാങ്കിലെ ക്രയവിക്രയങ്ങളില്‍ വന്‍ ക്രമക്കേടുണ്ടെന്ന് എ ക്ലാസ് ഓഹരി ഉടമയായ തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍ പരാതിയില്‍ പറയുന്നു. സംഘത്തിന് ഒരു ബൊലോറ ജീപ്പും വാടക വാഹനങ്ങളും ഉണ്ടായിരിക്കുമ്പോള്‍ തന്നെ 26.5ലക്ഷം രൂപ മുടക്കി പ്രസിഡന്റായ വസീഫിന്റെ സ്വകാര്യ ആവശ്യത്തിന് വേണ്ടി ആഡംബര കാര്‍ വാങ്ങിയത് ധൂര്‍ത്താണെന്നും പരാതിക്കാരന്‍ ചൂണ്ടികാണിക്കുന്നു. ഈ വാഹനം തിരുവനന്തപുരത്തെ പ്രസിഡന്റിന്റെ സ്വകാര്യ ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്. കാര്‍ഷിക കടാശ്വാസം എഴുതി തള്ളിയതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ സെക്രട്ടറി ഒന്നാം പ്രതിയായും പ്രസിഡന്റ് രണ്ടാം പ്രതിയായും മൂന്നും നാലും പ്രതികള്‍ ഡയറക്ടര്‍മാരായും അഞ്ചാം പ്രതിക്ക് വേണ്ടി വ്യാജ രേഖകള്‍ ഉണ്ടാക്കി സാമ്പത്തിക നേട്ടമുണ്ടാക്കി കൊടുത്തതായുള്ള 2019ലെ ഒരു വിജിലന്‍സ് കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അന്ന് വ്യാജ രേഖകള്‍ ഉണ്ടാക്കി കാര്‍ഷിക കടാശ്വാസം എഴുതിതള്ളിയതില്‍  ഒന്നു മാത്രമാണ് ഈ കേസെന്നും പരാതിക്കാരന്‍ ആരോപിച്ചു. അന്നത്തെ ഫയലുകള്‍ പരിശോധിച്ചാല്‍ കാര്‍ഷിക കടാശ്വാസം കിട്ടിയതില്‍ അധികവും ബാങ്കിന്റെ ഡയറക്ടര്‍മാര്‍്ക്കും അവരുടെ ഉറ്റ ബന്ധുക്കള്‍ക്കും മാത്രമാണെന്നും ആരോപണമുണ്ട്. ആവശ്യമായ രേഖകള്‍ ഇല്ലാതെയാണ് ബാങ്കില്‍ നിന്നും ലോണ്‍ നല്‍കുന്നതെന്നും ഓഡി റിപ്പോര്‍ട്ടില്‍ അത് പരാമര്‍ശിച്ചിട്ടുമുണ്ടെന്നും പരാതിയിലുണ്ട്. സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും മാത്രമാണ് സ്ഥാപനത്തില്‍ നിന്നും  ലോണുകള്‍ അനുവദിച്ചതെന്നും പരാതിയിലുണ്ട്. ഭരണസമിതി അംഗങ്ങളുടെ ലോണുകള്‍ പലതും ഓവര്‍ ഡ്യൂ ആയി കിടക്കുകയാണ്. ഒരേ രേഖകളില്‍ തന്നെ ഒന്നില്‍ കൂടുതല്‍ ലോണുകള്‍ എടുത്തതായും പരാതികളുണ്ട്. ബാങ്കില്‍ വരുന്ന നികുതി ശീട്ടിന്റെ ബലത്തില്‍ കാര്‍ഷിക സാമഗ്രികള്‍ വാങ്ങി നബാര്‍ഡിന്റെ പണം തട്ടിയെടുക്കുന്നുണ്ട്. ക്രമക്കേടില്‍ ഉടനെ നടപടിയെടുത്തില്ലെങ്കില്‍ കരുവന്നൂര്‍ തട്ടിപ്പ് ആവര്‍ത്തിക്കുമെന്നും പരാതിക്കാരന്‍  മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം ഓഹരിയുടമയുടെ പരാതി വ്യാജമാണെന്ന് വി.വസീഫും ബാങ്ക് മുന്‍പ്രസിഡന്റും കേരള ബാങ്ക് ഡയറക്ടറുമായ ഇ.രമേഷ് ബാബുവും പറയുന്നു.

Tags :
Author Image

Veekshanam

View all posts

Advertisement

.