സാധാരണക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന സർക്കാരിന് ഉപതെരഞ്ഞെടുപ്പിൽ മറുപടി നൽകണം; ഷിബു ബേബി ജോൺ
പാലക്കാട്: കേരള രാഷ്ട്രീയത്തിൽ ബിജെപി മുതൽ പിഡിപി വരെയുള്ള സകല കക്ഷികളുമായി സഖ്യം ഉണ്ടാക്കി ഭരിച്ച പിണറായി വിജയനാണ് യുഡിഎഫിനെ ഉപദേശിക്കാൻ വരുന്നതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. സിപിഎം ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷത്തിൽ ഗുണഭോക്താവുന്നത് പിണറായി വിജയൻ തന്നെയാണ്. ആർഎസ്എസ്- എഡിജിപി കൂടിക്കാഴ്ച ഇത് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പിണറായി സർക്കാരിന് കൊടുക്കുന്ന മറുപടിയായിരിക്കണം ഈ ഉപതെരഞ്ഞെടുപ്പ് ഫലം. എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് റവന്യൂ മന്ത്രി തന്നെ പറയുന്നു. റവന്യൂ വകുപ്പിന്റെ അന്വേഷണ സംഘവും നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകിയിരുന്നു. എന്നാൽ റവന്യൂ മന്ത്രിക്ക് കീഴിലുള്ള ജില്ലാ കലക്ടർ കോടതിയിൽ പോയി നിലപാട് മാറ്റിയത് ഞെട്ടിക്കുന്നതാണ്. റവന്യൂ മന്ത്രിയെക്കാൾ മുകളിലുള്ളവരുടെ സമ്മർദ്ദത്തിൽ പിപി ദിവ്യയെ രക്ഷിക്കാനാണ് കലക്ടർ കോടതിയിൽ നിലപാട് മാറ്റിയതെന്നും ഷിബി ബേബി ജോൺ പറഞ്ഞു. മരണശേഷവും നവീൻ ബാബുവിനെ അഴിമതിക്കാരനാക്കി വേട്ടയാടാൻ ശ്രമിക്കുന്ന സിപിഎമ്മിന്റെയും നീക്കം മനുഷ്യത്വരഹിതമാണ്. കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ വ്യക്തിയോട് സിപിഎമ്മും സർക്കാരും ഇതാണ് ചെയ്യുന്നതെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് അദ്ദേഹം ചോദിച്ചു. കലക്ടറുടെ മൊഴിമാറ്റം ഗൂഢാലോചനയാണ് ഇതിൽ അന്വേഷണം വേണം. പാവപ്പെട്ടവന്റെ സർക്കാരെന്ന് പരസ്യം ചെയ്തു അധികാരത്തിലേറിയ പിണറായി സർക്കാർ പാവപ്പെട്ടവനെ പിഴിഞ്ഞ് ഊറ്റി കുടിക്കുന്ന ഒരു സംഘമായിമാറിയെന്നും ഇതിനെതിരെ ഉപതിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മറുപടിയുണ്ടാകുമെന്നും ഷിബു ജോൺ പറഞ്ഞു.