ദേശീയപാതയിലേക്ക് മല തുരന്ന് മണ്ണ്, നാട്ടുകാരുടെ പ്രതിഷേധം
ആലപ്പുഴ: ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി നൂറനാട് പാലമേൽ പഞ്ചായത്തിൽ മല ഇടിച്ചു മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി മല ഇടിച്ചു നിരത്തുന്നതിനെതിരായാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. ആദ്യത്തെ രണ്ട് ലോഡുകൾ പൊലീസ് സഹായത്തോടെ കരാറുകാർ കൊണ്ടുപോയി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയുമായി വൻ പൊലീസ് സന്നാഹത്തോടെയാണ് മണ്ണെടുക്കാനെത്തിയതെന്നും, തങ്ങളുടെ ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണെന്നും പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. വിനോദ് പറഞ്ഞു.
ഈ ഹർജി പരിഗണിക്കാതെ മണ്ണെടുപ്പ് നടത്തുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മല നിരകൾ സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണെടുപ്പ് തുടർന്നാൽ തൊട്ടടുത്തുള്ള വാട്ടർ റാങ്ക് മറിഞ്ഞ് വൻ ദുരന്തമുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഇതു സംബന്ധിച്ച തീരുമാനമാകാതെ മണ്ണെടുക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.