സ്റ്റാർ വാർ * മൈൻപുരിയിൽ ഡിംപിളിനിതു സോ സിംപിൾ!
- സി.പി രാജശേഖരൻ
രാഷ്ട്രീയത്തിലും സിനിമയിലും മറ്റെന്തുണ്ടായാലും ഭാഗ്യം കൂടിയില്ലെങ്കിൽ ഒന്നുമാവില്ല. പൊക്കി വിടാനൊരാളും ഇത്തിരി ഭാഗ്യവുമുണ്ടെങ്കിൽ രാഷ്ട്രീയത്തിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. അങ്ങനെയൊരാളാണു ഡിംപിൾ യാദവ്. സമാജ് പാർട്ടി നേതാവും യുപി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യ. സാക്ഷാൽ മുലായം സിംഗ് യാദവിന്റെ മരുമകൾ. അഖിലേഷിനെ കല്യാണം കഴിക്കാൻ കഴിഞ്ഞതാണ് ഡിംപിളിന്റെ ആദ്യത്തെ ഭാഗ്യം. അതുമൊരു കഥയാണ്.
പൂനക്കാരിയാണു ഡിംപിൾ. അച്ഛൻ കേണൽ ആർസിഎസ് റാവത്ത്. ലക്നൊ ആർമി കോളെജ് പഠനകാലത്തു പരിചയപ്പെട്ട സുഹൃത്തായിരുന്നു അഖിലേഷ്. ഡിംപിളിനെ വിവാഹം കഴിക്കണമെന്നു അഖിലേഷ് വീട്ടിൽ പറഞ്ഞപ്പോൾ മുലായം വടിയെടുത്തു. അന്യനാട്ടുകാരിയെ വേണ്ടെന്നായിരുന്നു കല്പന. അഖിലേഷ് മുത്തശി മൂർത്തി ദേവിയുടെ കാലുപിടിച്ചു. അവർ നിർബന്ധിച്ചപ്പോൾ മുലായം വഴങ്ങി. ഇവർക്കിപ്പോൾ മൂന്നു മക്കൾ. രണ്ട് പെണ്ണും ഒരാണും. ഡിംപിളിനെ രാഷ്ട്രീയത്തിലേക്കു പൊക്കി വിട്ടത് അഖിലേഷ് യാദവ്. മുലായവും പിന്തുണച്ചു.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന യുപി മൈൻപുരി മണ്ഡലത്തിൽ ഇന്ത്യാ സഖ്യം സ്ഥാനാർഥിയാണു ഡിംപിൾ. മൈൻപുരിയിലെ സിറ്റിംഗ് എംപി ആയിരുന്ന മുലായം സിംഗ് യാദവിന്റെ മരണത്തെത്തുടർന്ന് 2022ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് 2.8 ലക്ഷം വോട്ടിനു വിജയിച്ച ഡിംപിളിന് അന്നു സ്വന്തം പാർട്ടിയുടെ പിന്തുണ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാലിപ്പോൾ ഇന്ത്യാ സഖ്യത്തിന്റെ മുഴുവൻ പിന്തുണയോടെയാണു മത്സരം. ഭൂരിപക്ഷം എങ്ങനെ അഞ്ച് ലക്ഷം കടത്താമെന്നാണ് ഡിംപിളിന്റെ ക്യാംപ് കണക്കു കൂട്ടുന്നത്. അതിൽ കുറഞ്ഞൊരു ഭൂരിപക്ഷം അവർ അംഗീകരിക്കുന്നതേയില്ല.
യാദൃച്ഛികമായാണ് ഡിംപിൾ രാഷ്ട്രീയത്തിലെത്തിയത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫിറോജാബാദ്, കനൗജ് മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഖിലേഷ് യാദവ് കനൗജ് നിലനിർത്തി ഫിറോജാബാദ് ഒഴിഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ഭാര്യ ഡിംപിളിനെ അവിടെ സ്ഥാനാർഥിയാക്കി. ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയും ഹിന്ദിയിൽ അക്കാലത്തെ മെഗാസ്റ്റാറുമായിരുന്ന രാജ് ബബാറിനോടു തോറ്റു. 2012ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച അഖിലേഷ് യാദവ് കനൗജ് എംപി സ്ഥാനവും പിന്നീടു രാജിവച്ചു. അവിടെയും ഡിംപിളായിരുന്നു എസ്പി സ്ഥാനാർഥി. ഡിംപിളിനെതിരേ അന്നു കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയില്ല. ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും പത്രിക കൊടുക്കേണ്ട അവാസാന സമയത്ത് വരണാധികാരിക്കു മുന്നിലെത്താൻ കഴിഞ്ഞില്ല. ട്രെയിൻ വൈകിയതായിരുന്നു കാരണം. അതും ഡിംപിളിന്റെ ഭാഗ്യം.
പത്രിക നൽകിയിരുന്ന സംയുക്ത സമാജ്‌വാദി ദൾ സ്ഥാനാർഥി ദശരഥ് സിങ് ശങ്ക്വറും സ്വതന്ത്രൻ സാഞ്ജു ഖട്യാറും പിൻവാങ്ങിയതോടെ ഡിംപിൾ ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിൽ ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 44ാമത്തെ വ്യക്തിയാണവർ. പിന്നീട് 2014ലും അവർ കനൗജിൽ വിജയിച്ചെങ്കിലും 2019ൽ പരാജയപ്പെട്ടു. 2022ൽ ഭർതൃപിതാവ് മുലായം സിങ്ങിന്റെ മരണത്തോടെയാണ് മൈൻപുരിയിലേക്കു മാറിയത്. യുപിയിൽ ഇന്ത്യാ സഖ്യത്തിനു വിജയസാധ്യത കാണുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നാണ് മൈൻപുരി.