വിദ്യാഭ്യാസ മന്ത്രി കഥയറിയാതെ ആട്ടം കാണുന്നു: കെ പി എസ് ടി എ
തിരുവനന്തപുരം: പ്രവൃത്തിദിനങ്ങള്‍ 220 ആയി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്നും ശനിയാഴ്ച അവധി ദിനങ്ങള്‍ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പള്ളി ങഘഅ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതിന് മറുപടിയായി ബഹു. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞത് തികച്ചും തെറ്റായ കാര്യങ്ങളാണ്. കേരളത്തിലെ വിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ ക്രിസ്തുമസ് പരീക്ഷ വാര്‍ഷിക പരീക്ഷ എന്നിവ പഠനത്തോടൊപ്പം നടക്കുന്ന പ്രക്രിയയാണ്. പരീക്ഷാ ദിവസം പോലും രാവിലെ കുട്ടികള്‍ സ്‌കൂളിലെത്തുകയും പരീക്ഷയും ഒപ്പം പഠനപ്രവര്‍ത്തനങ്ങളും നടക്കുകയും ചെയ്തു വരുന്നതാണ് നിലവിലുള്ള രീതി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്ള ദിവസം പഠനം നടക്കുന്നില്ല എന്ന് മന്ത്രി തന്നെ പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. അതുപോലെ കലോത്സവങ്ങള്‍, ശാസ്ത്രമേളകള്‍, കായികമേള തുടങ്ങിയവയ്‌ക്കൊന്നും ഒരു ദിവസം പോലും സ്‌കൂളുകള്‍ക്ക് അവധി നല്‍കാറില്ല. എന്നിട്ടും കുറെ ദിവസം മേളകളുടെ പേരില്‍ അവധിയാണ് എന്നും മന്ത്രി വിശദീകരിച്ചു. ആഴ്ചയില്‍ 6 പ്രവൃത്തി ദിവസങ്ങള്‍ വരുന്ന 7 ശനിയാഴ്ചകള്‍ മാത്രമാണുള്ളതെന്ന് പറഞ്ഞ മന്ത്രി നിയമസഭയെ അപഹാസ്യമാക്കുന്ന നടപടിയാണ് സ്വീകരിച്ചത്. യഥാര്‍ത്ഥത്തില്‍ ആറ് പ്രവൃത്തിദിനങ്ങള്‍ വരുന്ന 16 ശനിയാഴ്ചകള്‍ പുതിയ കലണ്ടറില്‍ ഉണ്ട്.
അതുപോലെ ഓണം, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുള്ള അവധി പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്നതാണ്. അതും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പുതിയ കാര്യം പോലെ അവതരിപ്പിച്ച് ജനങ്ങളുടെ മുന്നില്‍ പരിഹാസപാത്രമാകുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. പരീക്ഷാദിവസങ്ങളില്‍ പോലും പഠന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും ശനിയും ഞായറും നോക്കാതെ അധിക സമയം കണ്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് അനുബന്ധ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും നടത്തിയിട്ടും സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ പൊതു അവധി ദിനങ്ങളില്‍ പോലും സ്‌കൂളിലെത്തി പരിപാടികള്‍ സംഘടിപ്പിച്ചിട്ടും അതൊന്നും കാണാതെ സ്വന്തം വകുപ്പില്‍ അവധി കൂടുതലാണ് എന്ന് പറയുന്ന മന്ത്രി കാര്യങ്ങള്‍ ശരിക്ക് പഠിക്കാന്‍ തയ്യാറാകണം. അതുപോലെ ഒരു പ്രവൃത്തി ദിവസം ഒരു ക്ലാസ്സ് / വിഷയം എന്ന നിലയില്‍ ക്ലസ്റ്റര്‍ യോഗങ്ങള്‍ സംഘടിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാതെയും പഠനം മുടങ്ങാതെയും അധ്യാപക ശാക്തീകരണം നടക്കുകയും ചെയ്യും. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ ക്ലസ്റ്റര്‍ യോഗങ്ങള്‍ ഭംഗിയായി നടന്നിട്ടുണ്ട്. മഴക്കെടുതിയും മറ്റും മൂലം നഷ്ടപ്പെടുന്ന അധ്യയന ദിനങ്ങളെയോര്‍ത്ത് വിലപിക്കുന്ന മന്ത്രി അതും അധ്യാപകരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമത്തിലാണ്. എല്ലാം കഴിഞ്ഞ് 170 പ്രവൃത്തി ദിവസങ്ങള്‍ മാത്രമേ അധ്യയനത്തിന് കിട്ടുന്നുള്ളൂ എന്ന പ്രസ്താവനയും പൂര്‍ണമായും തെറ്റാണ്.
അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്തുന്ന ദിവസങ്ങള്‍ എല്ലാം അധ്യയന ദിനങ്ങളാണ്. സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച് ക്ലസ്റ്റര്‍ നടത്തുന്ന ദിവസമൊഴികെ ബാക്കി വരുന്ന ദിവസങ്ങളെല്ലാം പഠനം നടക്കുന്നതുകൊണ്ടുതന്നെ കലണ്ടറിലുള്ള മുഴുവന്‍ ദിവസങ്ങളും പ്രവൃത്തിദിനങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ആയിരക്കണക്കിന് മാനേജര്‍മാര്‍ ഉണ്ടായിട്ടും ഒരു മാനേജര്‍ മാത്രം കൊടുത്ത കേസിനെ ശരിയായി കോടതിയില്‍ നേരിടാതെയും വേണ്ട നടപടികള്‍ സ്വീകരിക്കാതെയും കോടതി അലക്ഷ്യം എന്ന പേരില്‍ പ്രവൃത്തി ദിവസം കൂട്ടിയ നടപടി കാണുമ്പോള്‍ അക്കാദമിക് കലണ്ടറിനെ കോടതി കയറ്റിയതിന്റെ സൂത്രധാരന്മാര്‍ വകുപ്പില്‍ തന്നെയാണ് എന്ന് കരുതേണ്ടി വരും. അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ശത്രുപക്ഷത്ത് കാണുന്ന ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നിലപാട് തിരുത്തണമെന്നും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും കെ പി എസ് ടി എ സംസ്ഥാന സമിതി ആവശ്യപ്പെടുന്നു. സംസ്ഥാന പ്രസിഡണ്ട് കെ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ അരവിന്ദന്‍, ട്രഷറര്‍ അനില്‍ വട്ടപ്പാറ ഭാരവാഹികളായ ഷാഹിദ റഹ്മാന്‍, എന്‍ രാജ്‌മോഹന്‍ , കെ രമേശന്‍, ബി സുനില്‍കുമാര്‍, ബി.ബിജു അനില്‍ വെഞ്ഞാറമൂട്, ടി യു സാദത്ത്, പി എസ് ഗിരീഷ് കുമാര്‍, സാജു ജോര്‍ജ്, പി വി ജ്യോതി, ബി ജയചന്ദ്രന്‍ പിള്ള, ജോണ്‍ ബോസ്‌കോ, ജി കെ ഗിരീഷ്, വര്‍ഗീസ് ആന്റണി, പി എസ് മനോജ്, വിനോദ് കുമാര്‍, പി എം നാസര്‍, എം കെ അരുണ എന്നിവര്‍ സംസാരിച്ചു.