ഒഐസിസി കിഴക്കൻ മേഖല പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഇ കെ സലീമിന് വിജയം.
ദമ്മാം : തെരെഞ്ഞെടുപ്പ് ആവേശം വാനോളം ഉയർന്ന ഒഐസിസി കിഴക്കൻ മേഖല പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഇ കെ സലീമിന് വിജയം . ഒഐസിസി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കൽ ( വല്യപ്പുക്ക ), ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല എന്നിവരുടെ സാന്നിധ്യത്തിൽ പ്രിസൈഡിങ് ഓഫീസർമാരായ റഷീദ് കൊളത്തറ , റഹ്‌മാൻ മുനമ്പത്തു എന്നിവർ വിജയിയെ പ്രഖ്യാപിച്ചത്. സത്യസന്ധമായ പ്രവത്തനത്തിനു അംഗീകാരമാണ് തൻറെ വിജയമെന്നും, പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഇ കെ സലിം പറഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിൻകര പൊഴിയൂർ സ്വദേശിയായ ഇ കെ സലിം 2014 മുതൽ കിഴക്കൻ മേഖല കമ്മറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രെട്ടറിയാണ്. 2003 മുതൽ സംഘടനാ രംഗത്ത് സജീവമാണ്. രണ്ടര പതിറ്റാണ്ടിലേറെയായി പ്രവാസിയായ ഇ കെ സലിം, സൗദി ന്യൂസിലാൻഡ് മിൽക്ക് പ്രൊഡക്ഷൻ കമ്പനിയിലെ ജീവനക്കാരാണ്.
കെപിസിസി, ഒഐസിസി ഗ്ലോബൽ കമ്മറ്റികളുടെ നിർദ്ദേശ പ്രകാരം നാഷണൽ പ്രസിഡന്റ് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ സൗദിയിലെ നാല് റീജിയനുകളിലും മെമ്പർഷിപ് ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കുകയും, ജില്ലാ, ഏരിയ കമ്മറ്റികളിലേക്ക് തെരഞ്ഞെടുപ്പുകൾ നടത്തി പുതിയ കമ്മറ്റികൾ നിലവിൽ വന്നിരുന്നു. അവിടെ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കൗസിലർമാരാണ് റീജിയണൽ കമ്മറ്റികൾ തെരഞ്ഞെടുക്കുന്നത്.
സൗദി കിഴക്കൻ മേഖല കമ്മറ്റിക്ക് കീഴിൽ 14 ജില്ലാ കമ്മറ്റികളും ജുബൈൽ , അൽ ഹസ്സ ,സൈഹാത് , അൽ ഖൊബാർ , ഹാഫർ അൽ ബാത്തിൻ ഏരിയ കമ്മറ്റികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 120 പ്രതിനിധികളിൽ 106 പേരാണ് തിരെഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തത്. ഇ കെ സലിം , ഹനീഫ് റാവുത്തർ , സിറാജ് പുറക്കാട് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. റീജിയണൽ കമ്മറ്റി ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തുമെന്ന് പ്രസിഡന്റ് ഇ കെ സലിം പറഞ്ഞു.