തെരഞ്ഞെടുപ്പ് സഹകരണ നാടകം: തിരക്കഥയ്ക്ക് പിന്നില്‍ പിണറായി-അമിത്ഷാ ഡീല്‍
കോഴിക്കോട്: 'അസാധാരണ സാഹചര്യം' എന്ന വിധത്തില്‍ വാര്‍ത്ത സൃഷ്ടിക്കുന്ന ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന് പിന്നില്‍ ഉന്നത തലത്തില്‍ തയ്യാറാക്കിയ തിരക്കഥ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് കിട്ടേണ്ട സീറ്റുകള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഗവര്‍ണര്‍-മുഖ്യമന്ത്രി പോരിന്റെ ആത്യന്തിക ലക്ഷ്യം.
കേരളത്തില്‍ സിപിഎമ്മും പോഷക സംഘടനകളുമാണ് സംഘപരിവാറിനെതിരെ പോരാടുന്നതെന്ന പ്രതീതി ന്യൂനപക്ഷ ജനവിഭാഗത്തിനിടയില്‍ സൃഷ്ടിക്കുകയും അതുവഴി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കലുമാണ് സിപിഎം ലക്ഷ്യമിടുന്നത്. കേന്ദ്രത്തില്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സര്‍ക്കാറിനെതിരെ ഗവര്‍ണര്‍ പരമാവധി പ്രകോപനം സൃഷ്ടിച്ചാണ് ഇത് സാധ്യമാക്കുക.
കേരളത്തില്‍ ബിജെപിക്ക് ജയിക്കാന്‍ സാധിക്കാത്ത സാഹചര്യമായതിനാലാണ് ഇത്തരമൊരു നീക്കത്തിന് ബിജെപി ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയത്. കേരളത്തില്‍ നിലവില്‍ കോണ്‍ഗ്രസിന് മാത്രം 15 ലോക്‌സഭാ അംഗങ്ങളുണ്ട്. ഇതില്‍ പരമാവധി കുറവ് വരുത്തി അത് സിപിഎമ്മിന്റെ അക്കൗണ്ടില്‍ ചേര്‍ത്താല്‍ ഒറ്റകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ വിലപേശല്‍ ശക്തി കുറയ്ക്കാനാവും. മുഖ്യമന്ത്രി പിണറായി വിജയനുമായ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രത്യേക ദൂതനാണ് 'ഡീല്‍' ഉറപ്പിച്ചത്. സിബിഐയുടെ കൈവശമുള്ള ലാവ്‌ലിന്‍ കേസ്, തനിക്കും കുടുംബത്തിനും എതിരായ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി കേസുകളിലെ ഇഡി ഇടപെടല്‍ എന്നിവയില്‍ നിന്ന് സംരക്ഷണം ആഗ്രഹിക്കുന്ന പിണറായി വിജയന്‍ ഈ ഡീലിന് കൈകൊടുക്കുകയായിരുന്നു. ഒരു കേന്ദ്രമന്ത്രിയ്ക്കും കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗത്തിനും ഈ ഡീലില്‍ പങ്കുണ്ടെന്നാന്ന് സിപിഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ സംസ്ഥാനത്തു നിന്ന് ഒരു ലോക്‌സഭാംഗം മാത്രമുള്ള സിപിഎമ്മിനെ സംബന്ധിച്ച് രണ്ടോ മൂന്നോ സീറ്റില്‍ ജയിക്കാന്‍ സാധിച്ചാല്‍ അത് നേട്ടമാകും. ഈ സാഹചര്യം മുന്‍നിര്‍ത്തി, ധാരണയെക്കുറിച്ച് അറിയാവുന്ന പ്രധാന പാര്‍ട്ടി നേതാക്കളും കണ്ണടയ്ക്കുകയാണ്.
സര്‍ക്കാര്‍ പ്രതിസന്ധിയാവുമ്പോഴും യുഡിഎഫിന് രാഷ്ട്രീയ മേല്‍ക്കൈ കിട്ടുമ്പോഴും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് ആവര്‍ത്തിക്കപ്പെടുകയാണ്. എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള ഒത്തുതീര്‍പ്പും അന്തര്‍ധാരയും ശക്തവുമാണ്. ഗവര്‍ണറെ കേരളത്തില്‍ നിന്ന് തിരിച്ച് വിളിക്കണമെന്ന് യുഡിഎഫ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നപ്പോള്‍ നഖശിഖാന്തം എതിര്‍ത്തയാളാണ് മുഖ്യമന്ത്രിയും സിപിഎമ്മും. ഇപ്പോഴത്തെ യൂണിവാഴ്‌സിറ്റി വിവാദങ്ങള്‍ മുന്‍കൂട്ടി കണ്ട് ഗവര്‍ണറോട് ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ അഭ്യര്‍ത്ഥിച്ചതും പിണറായി സര്‍ക്കാര്‍ തന്നെയാണ്. ആര്‍എസ്എസ് നോമിനിയായ ഹരി.എസ് കര്‍ത്തയെ ഉള്‍പ്പെടെ ഗവര്‍ണറുടെ താത്പര്യാര്‍ത്ഥം രാജ്ഭവനില്‍ നിയമിച്ചതും എല്‍ഡിഎഫ് സര്‍ക്കാറാണ്. പകരം, സര്‍ക്കാര്‍ പറഞ്ഞ അര്‍ഹതയില്ലാത്തവരെ പോലും വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ പ്രത്യുപകാരവും ചെയ്തു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിലും കൊടകര കള്ളപ്പണകേസിലും പ്രതിക്കൂട്ടിലായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ രക്ഷിക്കാന്‍ രണ്ട് കേസുകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ശുപാര്‍ശക്കത്ത് നല്‍കിയതും വിവാദമായിരുന്നു. 2021 ജൂണ്‍ 10നാണ് അന്ന് മുഖ്യമന്ത്രിയുമായ് 'നല്ല ബന്ധം' കാത്തുസൂക്ഷിച്ച ഗവര്‍ണര്‍ ശുപാര്‍ശക്കത്ത് എഴുതിയത്. ഇതെല്ലാം രഹസ്യമായ് നടക്കുമ്പോഴാണ് പരസ്യമായ 'യുദ്ധപ്രഖ്യാപന' നാടകങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അരങ്ങിലെത്തുന്നതെന്നതാണ് പരിഹാസ്യം.