മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്‌സാലോജിക് കര്‍ണാടക ഹൈകോടതിയില്‍
ബംഗളൂരു: മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് കര്‍ണാടക ഹൈകോടതിയെ സമീപിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കര്‍ണാടക ഹൈകോടതി അഭിഭാഷകന്‍ മനു പ്രഭാകര്‍ കുല്‍ക്കര്‍ണി മുഖേന ഹരജി നല്‍കിയത്. കേന്ദ്രസര്‍ക്കാരിനെയും എസ്.എഫ്.ഐ.ഒ ഡയറക്ടറെയും എതിര്‍കക്ഷികളാക്കിയാണ് ഹരജി.കമ്പനിയുടെ ആസ്ഥാനം ബംഗളൂരു ആണ്.
ആരോപണമുയര്‍ന്നതിനു ശേഷം ആദ്യമായാണ് എക്‌സാലോജിക് നിയമവഴിയിലേക്ക് നീങ്ങിയത്. അടുത്താഴ്ച തന്നെ നോട്ടീസ് നല്‍കി വീണ വിജയനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം എസ്.എഫ്.ഐ.ഒ തുടങ്ങിയിരുന്നു. നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമര്‍പ്പിക്കാനോ നിര്‍ദ്ദേശിച്ച് വീണയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കിയേക്കും. ഇതുമുന്നില്‍ കണ്ടാണ് അന്വേഷണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക് ഹരജി നല്‍കിയത്.
മാസപ്പടി കേസില്‍ കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്നും കെ.എസ്.ഐ.ഡി.സിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ എസ്.എഫ്.ഐ.ഒ സംഘം പരിശോധന തുടരുകയാണ്. ബുധനാഴ്ച കെ.എസ്.ഐ.ഡി.സിയുടെ കോര്‍പറേറ്റ് ഓഫിസില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. സി.എം.ആര്‍.എല്ലില്‍ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് സംഘം കെ.എസ്.ഐ.ഡി.സിയില്‍ എത്തിയത്. എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സിയും നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഒരു സേവനവും നല്‍കാതെ എക്‌സാലോജിക്കിനു സി.എം.ആര്‍.എല്‍ വന്‍ തുക കൈമാറിയെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്റിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത്.