'അവസാനിക്കുന്നത് കെ കെ ശൈലജ എന്ന ബിംബം കൂടിയാണ്'; മാഹിൻ അബൂബക്കർ എഴുതുന്നു
കൊച്ചി: വടകരയിലെ സിപിഎം പരാജയം പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു ബിംബമായി സിപിഎം ഉയർത്തിക്കാട്ടിയ കെ കെ ശൈലജയുടെ പരാജയം വിലയിരുത്തുകയാണ് യൂത്ത്കോൺഗ്രസ് നേതാവ് മാഹിൻ അബൂബക്കർ.
ജയരാജൻ 2019 ലോകസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെക്കാൾ ദയനീയമായാണ് കെ കെ ശൈലജ പരാജയപ്പെട്ടതെന്നും പി ജയരാജൻ നടത്തിയ ഫൈറ്റ് പോലും നടത്താനുള്ള കപ്പാസിറ്റിയുള്ള സ്ഥാനാർഥിയല്ല ശൈലജയെന്നുമാണ് മാഹിൻ അബൂബക്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
മാഹിൻ അബൂബക്കറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; കണ്ണൂരിലെ പാർട്ടി കേഡറുകൾക്കിടയിൽ മാത്രം സ്വീകാര്യനായ പി ജയരാജൻ വടകരയിൽ 2019 ൽ മത്സരിക്കുമ്പോൾ പോൾ ചെയ്ത വോട്ട് 82 ശതമാനം. വയനാട്ടിൽ രാഹുൽ ഗാന്ധി അടക്കം മത്സരിക്കുകയും കോൺഗ്രസിന് പൂർണ്ണമായും പോസിറ്റീവ് നിന്നിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയരാജൻ പരാജയപ്പെട്ടത് 84,000 വോട്ടിനാണ്.
ജയരാജനോട് താരതമ്യം ചെയ്യുമ്പോൾ സ്വീകാര്യതയുടെ കാര്യത്തിൽ ആണെങ്കിലും പൊളിറ്റിക്കൽ ഇമേജിന്റെ ( പി ആർ നിർമ്മിത ) കാര്യത്തിൽ ആണെങ്കിലും ഒരുപാട് മുന്നിൽ നിൽക്കുന്ന കെ കെ ശൈലജ വടകരയിൽ മത്സരിക്കുമ്പോൾ പോൾ ചെയ്തത് 78 ശതമാനം വോട്ടാണ്. പരാജയപ്പെട്ടത് ഒരു ലക്ഷത്തി പതിനാലായിരം വോട്ടിനാണ്. അതായത്, നാല് ശതമാനം വോട്ട് കുറവ് പോൾ ചെയ്തിട്ട് ഒരു ലക്ഷം വോട്ടിന് പരാജയപ്പെടുന്നു. 80 ശതമാനത്തിന് മുകളിൽ പോൾ ചെയ്തിരുന്നു എങ്കിൽ ശൈലജ ഒന്നര ലക്ഷം വോട്ടിന് പരാജയപ്പെടുമെന്ന് ഉറപ്പ്.
ചുരുക്കി പറഞ്ഞാൽ പി ജയരാജൻ നടത്തിയ ഫൈറ്റ് പോലും നടത്താനുള്ള കപ്പാസിറ്റിയുള്ള സ്ഥാനാർഥിയല്ല ശൈലജയെന്ന് വ്യക്തം. ഇത്രയും ദുർബലമായ ഒരു വ്യക്തിക്ക് മേൽ ചാർത്തി കൊടുക്കുന്ന " അമ്മ " വേഷവും ശക്തയെന്ന വിശേഷണവും ഇനിയെങ്കിലും നിർത്തണം. സ്വന്തം ശേഷി കൃത്യമായി അറിയുന്ന ശൈലജ ഇല്ലാത്ത അശ്ലീല വീഡിയോയുടെ പേരിൽ നടത്തിയ നാണം കെട്ട പ്രചാരണത്തിനും കാഫിർ സ്ക്രീൻ ഷോട്ടിന്റെ പേരിൽ സിപിഎം നടത്തിയ വർഗീയ ദ്രുവീകരണത്തിനും വടകര ഒരു ലക്ഷം വോട്ടിനു മുകളിൽ മറുപടി നൽകുമ്പോൾ അവസാനിക്കുന്നത് കെ കെ ശൈലജ എന്ന ബിംബം കൂടിയാണ്.