'വഖഫ് ബോര്‍ഡ് ഭൂമി ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്തു': വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി എം.പിക്കെതിരെ കേസ്
ബംഗളൂരു: സ്വന്തം ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്‌തെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കര്‍ണാടകയിലെ ബി.ജെ.പി എം.പി തേജസ്വി സൂര്യക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച കന്നഡ വാര്‍ത്ത പോര്‍ട്ടലിന്റെ എഡിറ്റര്‍മാര്‍ക്കും എതിരെ പൊലീസ് കേസെടുത്തു. തെറ്റായ പ്രചാരണം വഴി രണ്ടു സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചതിന് ഭാരതീയ ന്യായ് സംഹിത 353(2) പ്രകാരമാണ് കേസ്.
2022ല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് കടക്കെണിയും വിളനാശം മൂലവുമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഹാവേരി പൊലീസിന്റെ സാമൂഹിക മാധ്യമ ചുമതലയുള്ള പൊലീസ് കോണ്‍സ്റ്റബിള്‍ സുനില്‍ ഹചാവനവറിന്റെ പരാതിയിലാണ് നടപടി.
വഖഫ് ബോര്‍ഡ് തന്റെ ഭൂമി ഏറ്റെടുത്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹാവേരിയിലെ കര്‍ഷകന്‍ ജീവനൊടുക്കി എന്നാണ് നവംബര്‍ ഏഴിന് സാമൂഹിക മാധ്യമം വഴി ബി.ജെ.പി എം.പി പ്രചരിപ്പിച്ചത്. എം.പിയുടെ ആരോപണം വാര്‍ത്തയായി കന്നഡ ദുനിയ ഇ പേപ്പറും കന്നഡ ന്യൂസ് ഇ പേപ്പറും പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഏക്കറു കണക്കിനു വരുന്ന തന്റെ ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഹാവേരി ജില്ലയിലെ ഹറനഗി ഗ്രാമത്തിലെ രുദ്രപ്പ എന്ന് പേരുള്ള കര്‍ഷകനാണ് ജീവനൊടുക്കിയതെന്നാണ് വാര്‍ത്തയില്‍ സൂചിപ്പിച്ചത്. എന്നാല്‍ വാര്‍ത്തയും സാമൂഹിക മാധ്യമത്തിലെ റിപ്പോര്‍ട്ടുകളും പരിശോധിച്ചപ്പോള്‍ കര്‍ഷകന്‍ മരിച്ചത് 2022ലാണെന്നും വലിയ കടബാധ്യതയും വിളനാശവുമാണ് അതിലേക്ക് നയിച്ചതെന്നും കണ്ടെത്തി. മാത്രമല്ല, വായ്പ കുടിശ്ശികയെ തുടര്‍ന്ന് കര്‍ഷകനെതിരെ ഹാവേരിയിലെ അടൂര്‍ പൊലീസ് കേസ് 2022 ജനുവരി ആറിന് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ വഴി സംസ്ഥാനത്ത് സാമുദായിക കലാപത്തിനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയതോടെ എം.പി പോസ്റ്റ് നീക്കം ചെയ്തിരുന്നു