കര്‍ഷക സമരം: പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ കര്‍ഷന്‍ മരിച്ചു
ഡല്‍ഹി: കര്‍ഷകരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ കര്‍ഷന്‍ മരിച്ചു. 65കാരനായ ഗുരുദാസ്പൂര്‍ സ്വദേശി ഗ്യാന്‍ സിങ് ആണ് മരിച്ചത്.
ഫെബ്രുവരി 13 ന് ഹരിയാന പൊലീസ് നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്ന് ഗ്യാന്‍ സിങ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നെന്ന് കൂടെയുണ്ടായിരുന്ന അനന്തരവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതോടെ ആദ്യം രാജ്പുര സിവില്‍ ആശുപത്രിയിലും പിന്നീട് പട്യാലയിലെ രജീന്ദ്ര മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച അംഗമായിരുന്നു ഗ്യാന്‍ സിങ്.
വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം നടപ്പാക്കല്‍ ഉള്‍പ്പെടെ 12 ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള സര്‍ക്കാറിന്റെ അനുനയ നീക്കം സജീവമാണ്. ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഞായറാഴ്ച വീണ്ടും കര്‍ഷക സംഘടന നേതാക്കളുമായി മന്ത്രിതല സമിതി ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ എല്ലാ തടസ്സവും മറികടന്ന് ദില്ലി ചലോ മാര്‍ച്ച് തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സേനയോടൊപ്പം ഹരിയാന പൊലീസും വന്‍സന്നാഹങ്ങളോടെയാണ് കര്‍ഷകരെ തടഞ്ഞിരിക്കുന്നത്. സമരം കടുപ്പിക്കാന്‍ കൂടുതല്‍ ജനങ്ങളോട് ഹരിയാന അതിര്‍ത്തിയിലേക്കെത്താന്‍ കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി കടക്കാന്‍ ഹരിയാന പൊലീസ് അനുവദിക്കാതിരുന്നതോടെയാണ് ഓരോ ഗ്രാമങ്ങളില്‍നിന്നും 100 പേരെ കര്‍ഷകര്‍ നിലവില്‍ തമ്പടിച്ച ശംബു, കനൗരി പ്രദേശങ്ങളിലേക്കെത്താന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചത്. ഇതേതുടര്‍ന്ന് മറ്റു അതിര്‍ത്തികളിലേക്കും കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.