'അപ്പന് നീതി ലഭിക്കണം, നിയമ പോരാട്ടം തുടരും'; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ആശ ലോറന്‍സ്
കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കണമെന്ന ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. നിരീശ്വരവാദിയായ അപ്പന്‍ വിശ്വാസിയായത് പലര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്നില്ലെന്നും മതപരമായ സംസ്‌കാര ചടങ്ങുകളായിരുന്നു അപ്പച്ചന്റെ ആഗ്രഹമെന്നും ആശ അവകാശപ്പെട്ടു.
എന്നാല്‍, ശരീരം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്ന് സാക്ഷികളുടെ മുമ്പാകെ ലോറന്‍സ് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ എം.എല്‍. സജീവന്‍ കോടതിയെ ബോധിപ്പിച്ചു. ഇതംഗീകരിച്ചാണ് ആദ്യം സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും മൃതദേഹം വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍, കള്ള സാക്ഷികളെയാണ് സജീവന്‍ ഹാജാക്കിയതെന്ന് മറ്റൊരു മകള്‍ സുജാത ബോബന്‍ ആരോപിച്ചു.
'മതപരമായ സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്ന് മൂത്ത മകള്‍ സുജാതയോട് അപ്പച്ഛന്‍ ആഗ്രഹം പറഞ്ഞിരുന്നു. അപ്പച്ഛന്‍ സ്വന്തം ശരീരം മരണ ശേഷം അനാട്ടമി ഡിപാര്‍ട്‌മെന്റിന് ദാനം ചെയ്യാന്‍ എവിടെയും ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. ഇതിനാല്‍ ആണ് ഞാന്‍ കേസ് കൊടുത്തത്. മൃതദേഹ ദാനപത്രം വായിച്ച് നോക്കാതെയാണ് സുജാത ഒപ്പിട്ടതെന്ന് ബഹുമാനപ്പെട്ട കോടതിയെ ബോധ്യപ്പെടുത്തിയതാണ്. നിര്‍ഭാഗ്യവശാല്‍ കോടതി സിംഗിള്‍ ബെഞ്ച് ഞങ്ങള്‍ ഇരുവരുടെയും ഹര്‍ജികള്‍ തള്ളി. ആ വിധിക്ക് എതിരെ ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ ഹര്‍ജി കൊടുത്തു. ഡിവിഷന്‍ ബെഞ്ചും ഹര്‍ജികള്‍ തള്ളി. ഇനിയും മുന്നോട്ട് തന്നെ എന്നാണ് സുജാതയുടെയും എന്റെയും തീരുമാനം. നിയമ പോരാട്ടം തുടരും. അപ്പന് നീതി ലഭിക്കണം. മരണപ്പെട്ട വ്യക്തിക്ക് നീതി ലഭിക്കണം. അപ്പന്റെ ആഗ്രഹം പള്ളിയില്‍ മതാചാര പ്രകാരം അടക്കം ചെയ്യണമെന്നായിരുന്നു. അത് പറഞ്ഞത് സ്വന്തം മകളോടാണ്. നിരീശ്വര വാദി ആയിരുന്ന അപ്പന്‍ വിശ്വാസി ആയി എന്നത് അംഗീകരിക്കാന്‍ പറ്റുന്നില്ല പലര്‍ക്കും. നീതിക്കായി മുന്നോട്ട്' -ആശ ലോറന്‍സ് വ്യക്തമാക്കി.
മൂന്ന് മാസം മുമ്പ് മരണപ്പെട്ട എം.എം. ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ആശയും സുജാതയും നല്‍കിയ ഹര്‍ജിയാണ് ഹൈകോടതി തള്ളിയത്. മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കാമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധിപറഞ്ഞത്. സെപ്റ്റംബര്‍ 21നാണ് എം.എം. ലോറന്‍സ് മരിച്ചത്. മക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്നുമാസമായി മൃതദേഹം കൊച്ചി ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്